പോളിങ്ങിൽ ഇടിവ്; വയനാട്ടിൽ 65%, ചേലക്കരയിൽ 73% 
Kerala

പോളിങ്ങിൽ ഇടിവ്; വയനാട്ടിൽ 65%, ചേലക്കരയിൽ 73%

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് 20ന്

Aswin AM

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരുടെ തണുപ്പൻ പ്രതികരണം. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ആവേശത്തോടെ പോളിങ് ബൂത്തുകളിലെത്തി. വയനാട്ടിൽ 64.71 ശതമാനവും ചേലക്കരയിൽ 72.77 ശതമാനവുമാണ് പോളിങ്. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് 20നാണ്.

പ്രിയങ്ക ഗാന്ധി വദ്രയുടെ കന്നി മത്സരത്തിലൂടെ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പോളിങ്ങിൽ കനത്ത ഇടിവാണുണ്ടായത്. രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിച്ച 2019ൽ 80.27 ശതമാനവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 73.48 ശതമാനവുമായിരുന്നു വയനാട്ടിലെ പോളിങ്. 2019ൽ 4.3 ലക്ഷം ഭൂരിപക്ഷവും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3.6 ലക്ഷവും രാഹുലിന് ഭൂരിപക്ഷം ലഭിച്ച സ്ഥാനത്ത് പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് പോളിങ്ങിലെ ഇടിവ് നൽകുന്ന സൂചന. 5 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പ്രിയങ്കയെ വിജയിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രചാരണത്തിനിറങ്ങിയ കോൺഗ്രസിനും യുഡിഎഫിനും വോട്ടർമാരുടെ തണുപ്പൻ പ്രതികരണം വിജയപ്രതീക്ഷയിലും ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.

ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങിയ വയനാട് മണ്ഡലത്തിൽ ഒരിടത്തും പോളിങ് ശതമാനം 70 കടന്നില്ലെന്നത് വോട്ട‌ർമാരുടെ താൽപര്യക്കുറവിന്‍റെ സൂചനയായി. ഏറനാടാണ് ഏറ്റവുമധികം പോളിങ്-69.42 ശതമാനം. ഏറ്റവും കുറവ് നിലമ്പൂരിലാണ്-61.91 ശതമാനം. തിരുവമ്പാടി 66.39, കൽപറ്റ 65.42, വണ്ടൂർ 64.43, മാനന്തവാടി 63.89, സുൽത്താൻബത്തേരി 62.66 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം. ആറു മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് വന്നതും മത്സരം ഏകപക്ഷീയമാണെന്നതുമാണ് വോട്ടർമാരുടെ തണുപ്പൻ പ്രതികരണത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. കർണാടകയിലും മറ്റും ജോലി ചെയ്യുന്നവരും വിദ്യാർഥികളുമായ വോട്ടർമാരിൽ ചുരുക്കം പേർ മാത്രമാണ് ഇക്കുറി വോട്ട് ചെയ്യാനെത്തിയത്.

എൻഡിഎയും എൽഡിഎഫും കാര്യമായി പ്രചാരണം നടത്താത്തതിനാലാണ് പോളിങ് കുറഞ്ഞതെന്നും യുഡിഎഫിന് ലഭിക്കേണ്ട എല്ലാ വോട്ടുകളും ഉറപ്പാക്കിയെന്നും ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. എൽഡിഎഫിന് ലഭിക്കേണ്ട എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചതായി ഇടതു സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു. പോളിങ് കുറഞ്ഞത് എൻഡിഎയെ ബാധിക്കില്ലെന്ന് നവ്യ ഹരിദാസും പറഞ്ഞു. ആറ് മാസത്തിനിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനെ ആളുകൾ പ്രാധാന്യം കുറച്ച് കാണുന്നുണ്ടോ എന്ന് സംശയിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ചേലക്കരയിൽ 70 ശതമാനത്തിന് മുകളിലാണ് ഭൂരിഭാഗം ബൂത്തുകളിലും പോളിങ്. മികച്ച പോളിങ് ഭരണവിരുദ്ധ വികാരമായി യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാല്‍ ചേലക്കര നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 77.40 ശതമാനമായിരുന്നു പോളിങ്.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്