വി.ഡി. സതീശൻ, രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ പരാമർശിച്ചു കൊണ്ട് യുഡിഎഫ് സർക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് വി.ഡി. സതീശൻ സർക്കാരിന്‍റെ നയപ്രഖ്യാപനം വായിച്ചത്. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, ക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കൽ, കോളെജ് വിദ്യാർഥിനികൾക്ക് 1000 രൂപവീതം വിദ്യാഭ്യാസ സഹായമായി നൽകും.തുടങ്ങിയ ഇന്ദിരാഗ്യാരണ്ടിയിൽ ഉൾപ്പെടുത്തിയിരുന്ന വാഗ്ദാനങ്ങൾ നയപ്രഖ്യാപനത്തിലും ഇടം പിടിച്ചു. കൂടാതെ വയോജന വകുപ്പിന് ഊന്നൽ നൽകുമെന്നും പ്രഖ്യാപനത്തിലുണ്ട്.
സംസ്ഥാനത്തെ തീരദേശം, നദികൾ, 34 തടാകങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു സംയോജിത വികസന പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ ഒരു സംയോജിത തുറമുഖ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യം.
ദക്ഷിണേന്ത്യയിലെ സിവിൽ വ്യോമയാനത്തിന്‍റെ ഒരു പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റും.
പതിനായിരത്തിൽ അധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഉന്നത തലത്തിലുള്ള മത്സരക്ഷമത നേടാൻ പ്രാപ്തമാക്കാൻ സമഗ്ര പിന്തുണ നൽകും.
ഓരോ പഞ്ചായത്തിലെയും വനിതാ കർഷകരെ കണ്ടെത്തി അവരെ കാർഷിക മേഖലയിലെ പ്രധാന ശക്തിയാക്കി മാറ്റും. വനിതാ കൺസോർഷ്യം ആരംഭിക്കും. നെല്ല്, പച്ചക്കറി, പഴം, പയർ, കിഴങ്ങ് , കൂൺ, തേനീച്ച കൃഷികളിൽ സ്ത്രീകളെ ശാക്തീകരിക്കും. മണ്ണ് പരിശോധനാ നയം ആരംഭിക്കും.
കാർഷിക മേഖലയുടെ ആധുനിക വത്കരണത്തിനും ഡിജിറ്റലൈസേഷനും ഊന്നൽ നൽകും.
ചലച്ചിത്ര വിനോദ സഞ്ചാര വികസനം നടപ്പിലാക്കും. കേരളത്തെ ഒരു ഷൂട്ടിങ് കേന്ദ്രമായി ഉയർത്തും. സമഗ്ര ചലച്ചിത്ര നയം നടപ്പിലാക്കും.മീഡിയാ സിറ്റിയും ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്ബും വികസിപ്പിക്കും.
60 വയസിനു മുകളിലുള്ള സാംസ്കാരിക പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തും. സ്ഥിരം തീയേറ്ററുകൾ നിർമിക്കും. കേരളത്തിന്‍റെ ഒരു ലിവിങ് മ്യൂസിയം സ്ഥാപിക്കും.
സഹകരണ മേഖലയിലെ അഴിമതി നിയന്ത്രിച്ച് നിക്ഷേപകരുടെ വിശ്വാസം പുനഃസ്ഥാപിക്കും. സഹകരണ സംഘങ്ങളിൽ നിക്ഷേപ ഗ്യാരണ്ടി ശക്തിപ്പെടുത്തും.
വിദ്യാഭ്യാസ മേഖലയുടെ ആധുനികവത്കരണത്തിന് മുൻഗണന നൽകും. ഡിജിറ്റൽ പഠന സംവിധാനങ്ങൾ, തൊഴിൽക്ഷമത വർധന, ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കും. പ്ലസ് ടു സീറ്റുകൾ ആവശ്യാനുസരണം വർധിപ്പിക്കും.
പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി ശാസ്ത്രീയ ആസൂത്രണവും സുസ്ഥിര വികസനവും സർക്കാർ നടപ്പാക്കും. ശുദ്ധ ഊർജം, ഇലക്ട്രിക് മൊബിലിറ്റി, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് മുൻഗണന നൽകും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എക്സൈസ് വകുപ്പ് സമഗ്രമായി പുനസംഘടിപ്പിക്കും. സ്കൂൾ-കോളജ് തലത്തിൽ ബോധവത്കരണം വ്യാപിപ്പിക്കും. യുവജനങ്ങളെ ലഹരിയിൽ നിന്ന് സംരക്ഷിക്കാൻ സംസ്ഥാന വ്യാപക ദൗത്യം ആരംഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ്, ക്ഷേമപെൻഷൻ, തീരദേശ സംരക്ഷണം, ബ്ലൂ ഇക്കോണമി പദ്ധതികൾ എന്നിവ നടപ്പാക്കും.
പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി വിലക്കയറ്റം നിയന്ത്രിക്കും. മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ആധുനികവത്കരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ശാസ്ത്രീയ സംവിധാനങ്ങൾ, സോളാർ വേലി, സെൻസർ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പാക്കും. ബാധിതർക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകും.
പൊതുജനാരോഗ്യ മേഖലയുടെ പുനരുജ്ജീവനത്തിന് മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം ശക്തിപ്പെടുത്തും . മാനസികാരോഗ്യം, പാലിയേറ്റീവ് കെയർ, ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കും കൂടുതൽ ശ്രദ്ധ നൽകും.