ചാലക്കുടിയിൽ യുഡിഎഫിന്‍റെ നേട്ടത്തിലും കോൺഗ്രസിനു തിരിച്ചടി.
കെ.കെ. ഷാലി
ചാലക്കുടി: നഗരസഭയില്‍ യുഡിഎഫിന് തുടര്‍ ഭരണം. എന്നാൽ, തുടര്‍ഭരണത്തിലും പ്രമുഖരുടെ തോല്‍വി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.
നഗരസഭയിലെ കക്ഷി നില ഇങ്ങനെ:
ആകെ സീറ്റ് 37
യുഡിഎഫ് 22
എല്‍ഡിഎഫ് 12
എന്‍ഡിഎ 1
കോണ്‍ഗ്രസ് വിമതന്‍ 1
സ്വതന്ത്രന്‍ 1
മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പനും, സ്ഥിരം സമിതി അധ്യക്ഷന്‍മാരായിരുന്ന എം.എം. അനില്‍കുമാര്‍, സൂസമ്മ ആന്‍റണി, ജോര്‍ജ് തോമസ് എന്നിവരുടെ തോല്‍വിയാണ് ഇതിനിടയിൽ കോൺഗ്രസിനു വലിയ നാണക്കേടായത്. ആദ്യ റൗണ്ടില്‍ തോൽവി മുന്നിൽ കണ്ട ചെയര്‍മാന്‍ ഷിബു വാലപ്പന്‍ റീ കൗണ്ടിങ്ങില്‍ വെറും 4 വോട്ടിനാണ് ജയിച്ചത്.
മുന്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍റെ തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് ഇത്തവണ സ്വതന്ത്രനായി മത്സരിച്ച വില്‍സണ്‍ പാണാട്ടുപറമ്പിലിനോട് 128 വോട്ടിനു തോറ്റിരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായി 27ാം വാര്‍ഡില്‍ മത്സരിച്ച വില്‍ബി ജോര്‍ജിന്‍റെ വിജയവും കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്.
കഴിഞ്ഞ തവണ വെറും അഞ്ച് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന് ഇത്തവണ 12 സീറ്റ് നേടാന്‍ സാധിച്ചു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ലോക്കല്‍ സെക്രട്ടറി കെ.എ. അജിതന്‍, സിപിഐയിലെ ബിജി സദാനന്ദന്‍ തുടങ്ങിയവരാണ് എല്‍ഡിഎഫിന്‍റെ തോറ്റ പ്രമുഖര്‍.
എന്‍ഡിഎ കണ്ണമ്പുഴ 22 വാര്‍ഡില്‍ 200ലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൂടപ്പുഴ എആര്‍എസ് വാര്‍ഡില്‍ രണ്ടാം സ്ഥാനത്തും എത്താന്‍ സാധിച്ചു.