നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
representative image
ആലപ്പുഴ: പുന്നമടയിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കുട്ടിച്ചിറ തത്തംപളളി സ്വദേശി ബിജോയ് ആന്‍റണി (31) ആണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണ് വളവില്‍ നിയന്ത്രണംവിട്ട കാര്‍ വാടക്കനാലിലേക്ക് വീണ് മുങ്ങിയത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ബിജോയിയെ കൂടാതെ മറ്റ് രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. കാർ കനാലിലേക്ക് വീണതോടെ ഇവർ നീന്തി രക്ഷപെട്ടു.
കാറിൽ കുടുങ്ങിയ ബിജോയിയെ ആലപ്പുഴ യൂണിറ്റിലെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അച്ഛൻ: ആന്‍റണി. അമ്മ: പുഷ്പ.