തലക്കോട് ടൂറിസ്റ്റ് ബസ് കത്തിനശിച്ച സംഭവം: വിദഗ്‌ധ സംഘം പരിശോധിച്ചു
കോതമംഗലം:കൊച്ചി- ധനുഷ്കോടി ദേശീയപാത നേര്യമംഗലത്തിന് സമീപം തലക്കോട് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മോട്ടോർ വെഹിക്കിൾ വകുപ്പും ആലുവയിൽ നിന്നെത്തിയ പൊലീസ് സയന്‍റിഫിക്ക് വിദഗ്‌ധ സംഘവും സ്ഥലത്തെത്തി കത്തിയമർന്ന ബസ് പരിശോധിച്ചു. പ്രത്യക്ഷത്തിൽ അസ്വാഭാവികമായി യാതൊന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു. ബസ് പൂർണമായും കത്തിപ്പോയിരുന്നു. 2013 മോഡൽ ബസ് ശാന്തൻപാറ സ്വദേശി രാജേഷിന്‍റെ ഉടമസ്ഥതയിലുള്ളതാണ്.
30 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. തീപ്പിടിത്തത്തിന്‍റെ കാരണം ഷോട് സർക്യൂട്ടാണെന്നാണ് സംശയിക്കുന്നത്. സേനാപതിയിൽനിന്നും കോതമംഗലം, കോട്ടപ്പടിയിലേക്ക് വിവാഹ ആവശ്യവുമായി പോയ ബസിനാണ് തീപിടിച്ചത്. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി യാത്രക്കാർ ഭക്ഷണം കഴിക്കാൻ ഇറങ്ങിയ വേളയിലായിരുന്നു തീയും പുകയും ഉയർന്ന് ബസ് കത്തിയമർന്നത്. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കാനായതുകൊണ്ട് വലിയ ദുരന്തമാണ് വഴിമാറിയത്. കത്തിയമർന്ന അവശിഷ്ടത്തിൽ നിന്ന് വിദഗ്ധസംഘം ലാബിൽ അയക്കാനായി
സാംപിൾ ശേഖരിച്ചു. ലാബ് പരിശോധന ഫലത്തിലൂടെ തീപ്പിടിത്തത്തിന്‍റെ യഥാർഥ കാരണം കണ്ടെത്താനാവുമെന്നാണ് കണക്കുകൂട്ടൽ.
സയന്‍റിഫിക്ക് ഓഫീസർ റെനി തോമസ്, ഊന്നുകൽ സിഐ ബി.എ സ്. ആദർശ്, എംവിഐ റെജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.