കണ്ണൂരിൽ നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും
file image
കണ്ണൂർ: എടക്കാനം റിവർ വ്യൂ പോയിന്‍റിൽ ആയുധവുമായെത്തി സമീപവാസികളെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും. ഞായറാഴ്ച വൈകിട്ട് മൂന്ന് വാഹനങ്ങളിലായി വ്യൂ പോയന്‍റിലെത്തിയ സംഘമാണ് നാട്ടുകാരെ അക്രമിച്ചത്. സംഭവത്തില്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉള്‍പ്പടെ 15 പേര്‍ക്കെതിരേ ഇരിട്ടി പൊലീസ് കേസെടുത്തു.
ഷുഹൈബ് വധക്കേസിലെ നാലാം പ്രതിയാണ് ദീപ് ചന്ദ്. ആക്രമണത്തില്‍ നാട്ടുകാരായ അഞ്ചു പേര്‍ക്ക് പരുക്കേറ്റിരുന്നു. സാരമായി പരുക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ.കെ. സുജിത്ത് (38), ആര്‍.വി. സതീശന്‍ (42), കെ. ജിതേഷ് (40), പി. രഞ്ജിത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അക്രമം നടന്നത്. വൈകിട്ട് വ്യൂ പോയന്‍റിലെത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്നവരുമായി വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു. ഇതിന്‍റെ പ്രത്യാക്രമണമാണ് പിന്നീട് ഉണ്ടായതെന്നാണ് കരുതുന്നത്. ആക്രമണം നടത്തി തിരിച്ചുപോകുന്ന വാഹനം നാട്ടുകാരെ ഇടിച്ചിട്ടു. ഒരു വാഹനം എടക്കാനത്ത് പുഴക്കരയിലേക്കു മറിയുകയും ചെയ്തു.
ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മറിഞ്ഞുകിടക്കുന്ന വാഹനത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.