അറസ്റ്റിലായ ഷാജഹാൻ, ആസാദ്.
ആലുവ: റൂറൽ എസ്‌പിയുടെ വീടിനു സമീപത്തുള്ള വീട്ടിൽ മോഷണം നടത്തിയ കേസിൽ കുപ്രസിദ്ധ മോഷ്ടാവും സഹായിയും പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59), സഹായി കുട്ടമശേരി കുമ്പശേരി ആസാദ് (39) എന്നിവരാണ് ആണ് ആലുവ പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. ഓൾഡ് ദേശം റോഡിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് ഇവർ കവർന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
തുടർന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാങ്ങളിൽ കഴിഞ്ഞ പ്രതികളെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് ഇപ്പോൾ സാഹസികമായി പിടികൂടിയത്. തൊടുപുഴ മുട്ടം ജയിലിൽ വച്ചാണ് പ്രതികൾ പരിചയപ്പെട്ടത്. മോഷണക്കേസിൽ ഷാജഹാനും, രാസലഹരിക്കേസിൽ ആസാദും ഒരുമിച്ച് ജയിലിലുണ്ടായിരുന്നു.
കഴിഞ്ഞ മാസം 17നാണ് ആണ് ഷാജഹാർ ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂത്താട്ടുകുളം, തൃശൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം നടത്തുകയും ചെയ്തിരുന്നു.
ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്റ്റർ ജി.പി. മനു രാജ്, എസ്ഐമാരായ എൽദോസ്, കെ. നന്ദകുമാർ ചിത്തുജി, എഎസ്ഐ വിനിൽ കുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.