കുട്ടമ്പുഴ പുഴയിൽ കൂട്ടത്തോടെ കുളിക്കാനായെത്തിയ കാട്ടാനക്കൂട്ടം
കോതമംഗലം: കണ്ണിന് വിരുന്നു നൽകി മാസങ്ങൾക്ക് ശേഷം കുട്ടമ്പുഴ പുഴയിൽ കാട്ടാനക്കൂട്ടത്തിന്‍റെ നീരാട്ട്. ഇനിയുള്ള മാസങ്ങളിൽ പുഴയിൽ നീരാടാനും ദാഹശമനത്തിനും കാട്ടാനകൾ സ്ഥിരമായി എത്തും.
കുട്ടമ്പുഴ പട്ടണത്തോട് ചേർന്നൊഴുകുന്ന പുഴയിൽ കഴിഞ്ഞ ദിവസം പകലാണ് കാട്ടാനകൾ ഇറങ്ങിയത്. പട്ടണത്തിന്‍റെ മറുകരയുള്ള തുണ്ടത്തിൽ വനമേഖലയിൽ നിന്നാണ് ആനക്കൂട്ടം എത്തുന്നത്. കൊമ്പൻമാർക്കൊപ്പം പിടിയാനകളും കുട്ടിയാനകളും കൂട്ടത്തിലുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ നീരൊഴുക്കും അടിയൊഴുക്കും ശക്തമാണ്. പുഴയിലെ പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ച് വളരുന്ന പായൽസസ്യങ്ങൾ കാട്ടാനക്കൂട്ടത്തിന്‍റെ ഇഷ്ടഭോജ്യമാണ്. കുളിക്കാനും വെള്ളം കുടിക്കാനും ഒപ്പം ഈ പായൽ കൂടി കഴിക്കുമാണ് കാട്ടാനകൾ പുഴയിലിറങ്ങുന്നത്. മറുകരയിലെ വനത്തിൽ നിന്നെത്തുന്ന ആനക്കൂട്ടത്തെ കാണാനും മൊബൈലിൽ ചിത്രം പകർത്താനും കുട്ടമ്പുഴ പട്ടണത്തിന്‍റെ ഓരം ചേർന്ന് ആൾക്കൂട്ടം എത്തുന്നുണ്ട്.