മുംബൈ: മറുനാട്ടിലെ മലയാള നാടിനെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള ഭാഷാ പ്രചാരണ സംഘം നടത്തിവരുന്ന മലയാളോത്സവത്തിന്‍റെ പതിമൂന്നാം പതിപ്പിന്‍റെ കേന്ദ്ര തല മത്സരങ്ങൾ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള സംഘാടക സമിതിയുടെ രൂപീകരണം ഒക്ടോബർ 13 ന് ഡോംബിവല്ലിയിലെ കമ്പൽപാഡയിലുള്ള മോഡൽ കോളേജിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് നടന്നു.
മലയാളോത്സവം കൺവീനർ അനിൽ പ്രകാശ് സ്വാഗതം ആശംസിച്ചു. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡണ്ട് റീന സന്തോഷ് അധ്യക്ഷതവഹിച്ചു. മലയാളോത്സവത്തിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കേന്ദ്ര തല മത്സരങ്ങൾക്ക് വേദിയൊരുക്കുന്നതിന് ഒരു മേഖല മുന്നോട്ടുവരുന്നതെന്നും, കല്യാൺ-ഡോംബിവല്ലി മേഖലയുടെ പ്രവർത്തനങ്ങൾ വളരെ അഭിമാന കരമാണെന്നും അതിനാൽ ഈ മലയാളോത്സവം വൻ വിജയമാക്കുവാൻ ഈ മേഖലയ്ക്ക് കഴിയുമെന്ന ഉറച്ച വിശ്വാസം കേന്ദ്ര പ്രവർത്തക സമിതിക്കുണ്ടെന്നും റീന സന്തോഷ് അഭിപ്രായപ്പെട്ടു.
മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ നാൾവഴികളായുള്ള പ്രവർത്തനങ്ങള്‍ ജനറൽ സെക്രട്ടറി രാജൻ നായർ വിശദീകരിച്ചു. മഹാനഗരത്തിലെ പുതു തലമുറയും, പഴയ തലമുറയും ഒരേമനസ്സോടെ പങ്കാളികളാകുന്ന ഏറ്റവും വലിയ ജനകീയോത്സവമായി മലയാളോത്സവം മാറിക്കഴിഞ്ഞു. മലയാളോത്സവ ത്തിന്‍റെ ജനപ്രീതി വർഷംതോറും വർദ്ധിച്ചുവരുകയാണ്.മാതൃഭാഷയുടെയും, സംസ്കാരത്തിന്‍റെയും പേരിൽ അഭിമാനമുള്ള ഒരു സമൂഹത്തെയും, പുതു തലമുറയെയും ഈ മഹാനഗരത്തിൽ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്നുള്ളത് മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കണക്കാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയ സമാജം ഡോംബിവല്ലി ചെയർമാൻ വർഗ്ഗീസ് ഡാനിയൽ സംഘാടക സമിതിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. മലയാള ഭാഷയെയും കേരളീയ കലകളെയും പ്രചരിപ്പിക്കുന്നതിന് വേണ്ടി മലയാള ഭാഷാ പ്രചാരണ സംഘം നടത്തുന്ന നിസ്വാർത്ഥ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ മാതൃകാ പ്രവർത്തനങ്ങൾക്ക് കേരളീയ സമാജം ഡോംബിവല്ലി എല്ലാ പിന്തുണയും നല്കിവരുന്നുണ്ടെന്നും, പതിമൂന്നാം മലയാളോത്സവം വിജയിപ്പിക്കുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.
കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ ചെയർമാനും പ്രശാന്ത് രാജ് കൺവീനറുമായുള്ള സംഘാടക സമിതിയുടെ ഒരു നിർദ്ദേശ പട്ടിക സന്ദീപ് വർമ്മ അവതരിപ്പിച്ചു. അംഗങ്ങളുടെ നിർദ്ദേശമനുസരിച്ചുള്ള ചില കൂട്ടിച്ചേർക്കലുകളോടെ ലിസ്റ്റ് അംഗീകരിച്ചു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ഉപസമിതികളും രൂപീകരിക്കുകയുണ്ടായി. മലയാളോത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന ലോഗോ, റീല്‍സ് എന്നീ മത്സരങ്ങളെക്കുറിച്ചും മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. മലയാളോത്സവം പ്രചാരണത്തിന്‍റെ ഭാഗമായി ആരംഭിച്ച ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളുടെ ഉദ്‌ഘാടനം ആംചി മുംബൈ ഡയറക്ടറും മാധ്യമ പ്രവർത്തകനുമായ പ്രേംലാൽ നിർവ്വഹിച്ചു.
തുടർന്ന് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖവ്യക്തികളും, സംഘടനാ പ്രതിനിധികളും പതിമൂന്നാം മലയാളോത്സവത്തിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മേഖലയിലെ കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആകർഷകമായിരുന്നു. പ്രതികൂല കാലാവസ്ഥയിലും ഭാഷാ സ്നേഹികളായ നിരവധിപേർ പങ്കെടുത്ത യോഗം സംഘാടക സമിതി കൺവീനർ പ്രശാന്ത് രാജിന്‍റെ നന്ദിപ്രകടനത്തോടെ പര്യവസാനിച്ചു.