മുംബൈ: ബിജെപി രാജ്യത്തെ സാമൂഹിക സൗഹാർദ്ദം ഇല്ലാതാക്കിയെന്ന് എംപിസിസി അധ്യക്ഷൻ നാനാ പടോലെ. മുംബൈയിൽ ദാദറിലെ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് നടന്ന ന്യൂനപക്ഷ സെൽ എക്‌സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗംഗാ-ജമുന സംസ്കാരം എന്നാണ് ഇന്ത്യൻ സംസ്കാരം അറിയപ്പെട്ടിരുന്നത്. അതിൽ ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ, എല്ലാ ജാതി മതസ്ഥരും സൗഹാർദ്ദത്തോടെ ജീവിക്കുന്നു. എന്നാൽ 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുന്നത് വരെ മാത്രമാണ് അത് നില കൊണ്ടത്.
കേന്ദ്ര സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി ഇന്ത്യയുടെ യഥാർത്ഥ സ്വത്വം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ ജനാധിപത്യത്തെയും രാജ്യത്തിന്‍റെ ഭരണഘടനയെയും ഇല്ലാതാക്കുകയാണെന്നും ജാതിയുടെയും മതത്തിന്‍റേയും പേരിൽ 'കാവി പാർട്ടി' രാഷ്ട്രീയം കളിക്കുകയാണെന്നും പടോലെ കുറ്റപ്പെടുത്തി.
'കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിജാബ് പോലുള്ള വിവിധ മതപ്രശ്‌നങ്ങൾ അവർ ഉന്നയിച്ചു.എന്നിട്ടെന്തായി,ബിജെപിയുടെ വഞ്ചനാപരമായ മുഖം ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മതപ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ച നേതാക്കൾക്ക് കെട്ടിവെച്ച തുക പോലും നഷ്ടപ്പെട്ടു,” എം പി സി സി അധ്യക്ഷൻ പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ജാതിയും മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തട്ടിയെടുക്കുന്നു. കർണാടകയിലെ ജനങ്ങൾ ബിജെപിയുടെ വർഗീയ രാഷ്ട്രീയം തുടരാൻ അനുവദിച്ചില്ല. ഇരട്ട എഞ്ചിൻ സർക്കാർ എന്നാണ് ബിജെപി അവകാശപ്പെടുന്നത്, മണിപ്പൂരിൽ ഇന്നത്തെ അവസ്ഥ എന്താണെന്ന് നമ്മൾ കാണുന്നു. മണിപ്പൂർ കത്തുകയാണ്, പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവിടെ നോക്കാൻ പോലും സമയമില്ല, ”പട്ടോലെ പറഞ്ഞു. മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയുടെ ഇരട്ട എഞ്ചിൻ പരാമർശത്തെ വിമർശിച്ചു, ഒരു എഞ്ചിൻ പ്രവർത്തിക്കുന്നത് നിർത്തുമ്പോൾ മാത്രമേ ഇരട്ട എഞ്ചിൻ ആവശ്യമുള്ളൂവെന്നും പറഞ്ഞു. കർണാടകയിൽ പാർട്ടിയുടെ വിജയത്തിന് ന്യൂനപക്ഷ സമുദായം നൽകിയ സംഭാവനകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
മഹാരാഷ്ട്രയിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചത് എംഐഎമ്മും ബിആർഎസും ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമുദായം ഒറ്റക്കെട്ടായി നിൽക്കണമെന്നും ചവാൻ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ സംഭാജിനഗർ, അകോല ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ രണ്ട് മതങ്ങൾക്കിടയിൽ വിദ്വേഷം പടർത്തി സൗഹാർദ്ദം തകർക്കാൻ ശ്രമം നടന്നതായി മുൻ മന്ത്രി നസീം ഖാൻ പറഞ്ഞു.
ആർ.എസ്.എസും ബി.ജെ.പിയും വിഷം വിതയ്ക്കുമ്പോൾ രാഹുൽ ഗാന്ധി അവർക്കെതിരെ ശക്തമായി പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.