നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം
മുംബൈ: നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം മിഴി തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ അവസാനത്തോടെയാകും ഉദ്ഘാടനം. രാജ്യത്തിന്‍റെ സാമ്പത്തികതലസ്ഥാനമായ മുംബൈയുടെ തലവരമാറ്റുന്നതാകും പുതിയ വിമാനത്താവളം. പുതിയ പാലങ്ങള്‍, ദേശീയപാതകള്‍, മെട്രോകള്‍ എന്നിവയെല്ലാം ചേര്‍ന്ന് വലിയ ഗതാഗതസംവിധാനമാണ് വിമാനത്താവളത്തോടനുബന്ധിച്ച് ഒരുക്കുന്നത്.
നവിമുംബൈയിലെ ഉള്‍വെയിലാണ് മുംബൈയുടെ രണ്ടാംവിമാനത്താവളത്തിന്‍റെ പ്രവേശന കവാടം. ഒന്നിലധികം അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ന്യൂയോര്‍ക്ക്, ലണ്ടന്‍, ദുബായ് പോലുള്ള നഗരങ്ങളുടെ നിരയിലേക്കാണ് മുംബൈയുടെ സ്ഥാനവും. മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ 2018ല്‍ നിര്‍മാണം ആരംഭിച്ചതാണ് നവിമുംബൈ വിമാനത്താവളം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്ന് വിമാനത്താവളത്തിന് ശിലാസ്ഥാപനം നടത്തിയത്. ഉദ്ഘാടനവും പ്രധാനമന്ത്രിയാണ് നിര്‍വഹിക്കുന്നത്.
നാല് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യഘട്ടമായ ടെര്‍മിനല്‍ 1 ആണ് ഈ മാസം അവസാനം തുറക്കുന്നത്. അവസാനവട്ട മിനുക്കുപണികള്‍ പുരോഗമിക്കുന്നു. 4 ടെര്‍മിനലും പൂര്‍ത്തിയായി 2032ല്‍ പൂര്‍ണ സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 9 കോടി യാത്രക്കാരെയും 25 ലക്ഷം ടണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ നവിമുംബൈ വിമാനത്താവളത്തിന് കഴിയും.
താമരയുടെ ആകൃതിയിലാണ് 1160 ഏക്കറിലായി നിര്‍മിക്കുന്ന വിമാനത്താവളം ഒരുങ്ങുന്നത്.16700 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന് 74 ശതമാനവും സിഡ്‌കോയ്ക്ക് 26 ശതമാനവുമാണ് ഓഹരിപങ്കാളിത്തം. രണ്ട് റണ്‍വേകള്‍ ഉള്ള വിമാനത്താവളമാണെന്ന പ്രത്യേക്തയുണ്ട്. ഏത് മോശം കാലാവസ്ഥയിലും വിമാനം ഇറക്കാനും പറത്താനുമുള്ള സാങ്കേതിക സംവിധാനങ്ങളും നവിമുംബൈ വിമാനത്താവളത്തിലുണ്ട്