ഹര്‍ഷവര്‍ധന്‍ സപ്കല്‍
നാഗ്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ 11 വര്‍ഷത്തെ ഭരണത്തില്‍ കൈവരിച്ച വികസനത്തിന്‍റെ വിശദമായ കണക്ക് നല്‍കണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ധന്‍ സപ്കല്‍. യുണിസെഫ്, ലോകബാങ്ക്, ലോകാരോഗ്യ സംഘടന തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ പരാമര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായി മോദി സര്‍ക്കാര്‍ വിശദമായ കണക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കോടി തൊഴിലവസരങ്ങള്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കല്‍, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ മോദി സര്‍ക്കാര്‍ പാലിച്ചില്ലെന്നും സപ്കല്‍ ആരോപിച്ചു.
11 വര്‍ഷത്തിനിടയില്‍ രാജ്യം മുന്നോട്ട് പോകുന്നതിനുപകരം പിന്നോട്ട് പോയി. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കാലഘട്ടത്തില്‍ രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയുടെയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെയും ശിവസേന ഉദ്ധവ് വിഭാഗങ്ങളും തമ്മിലുള്ള പുനരേകീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത് പാര്‍ട്ടികളുടെ ആഭ്യന്തര കാര്യമാണെന്നും അവരുടെ തീരുമാനമാണ്.
സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സഖ്യങ്ങള്‍ സംബന്ധിച്ച് പ്രാദേശിക തലത്തില്‍ തീരുമാനമെടുക്കുമെന്നും സപ്കല്‍ പറഞ്ഞു.