മുംബൈ: അടിസ്ഥാന സൗകര്യ വികസനത്തിൽ മഹാരാഷ്ട്ര ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർന്നുവന്നിരിക്കുന്നുവെന്നും സംസ്ഥാനത്ത് ഒരുപാട് പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ 'മഹാറെയിൽ' നിർമിച്ച ഏഴ് പുതിയ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂരിലെ ഡോ. പഞ്ചാബ്റാവു ദേശ്മുഖ് അഗ്രികൾച്ചറൽ കോളെജ് സ്‌പോർട്‌സ് ഗ്രൗണ്ടിലാണ് പരിപാടി നടന്നത്.
മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനം ഫ്ലൈ ഓവറുകളിൽ മാത്രം ഒതുങ്ങാതെ മെട്രൊ പദ്ധതികൾ, ദേശീയ പാതകൾ, സംസ്ഥാന റോഡുകൾ, വിമാനത്താവള നവീകരണം, തുറമുഖ വികസനം എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്നതാണെന്ന് ഫഡ്‌നാവിസ് എടുത്തുപറഞ്ഞു.
കേന്ദ്ര-സംസ്ഥാന തലങ്ങളിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രത്തിന്‍റെയും മഹാരാഷ്ട്ര സർക്കാരിന്‍റെയും നേതൃത്വത്തിൽ സംസ്ഥാനം ഗണ്യമായ പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മഹാറെയിൽ പദ്ധതിയിലൂടെ വരും വർഷങ്ങളിൽ 200 റെയിൽവേ മേൽപ്പാലങ്ങളും ഭൂഗർഭ പാതകളും പൂർത്തിയാക്കാൻ സംസ്ഥാനം ഒരുങ്ങുകയാണ്. ധന-ആസൂത്രണ മന്ത്രി ആശിഷ് ജയ്‌സ്വാൾ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം കൃപാൽ തുമാനെ, എംഎൽഎ കൃഷ്ണ ഖോപ്‌ഡെ, മറ്റ് പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മാർക്കറ്റിംഗ്, പ്രോട്ടോക്കോൾ മന്ത്രി ജയകുമാർ റാവൽ, എംഎൽഎ പ്രതാപ് അദ്‌സാദ് എന്നിവരുൾപ്പെടെ വിവിധ നേതാക്കൾ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു.