10 മിനിറ്റ് വൈകിയതിന് 100 ഏത്തം; മുംബൈയിൽ ആറാം ക്ലാസുകാരിയുടെ മരണത്തിൽ അന്വേഷണം
വസായ്: മുംബൈയിൽ ആറാം ക്ലാസുകാരി മരിച്ചതിനു പിന്നാൽ സ്കൂളിലെത്താൻ പത്ത് മിനിറ്റ് വൈകിയതിന്‍റെ പേരിൽ സ്കൂൾ അധികൃതർ നൽകിയ ശിക്ഷയെന്ന് സംശയം. നവംബർ 8ന് സ്കൂളിലെത്താൻ വൈകിയ കുട്ടിയെക്കൊണ്ട് 100 തവണ ഏത്തമിടീച്ചതായാണ് റിപ്പോർട്ട്. കടുത്ത പുറംവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിനവംബർ 14ന് മരിച്ചു. പാൽഗഡ് ജില്ലയിലെ വസായിൽ ശ്രീഹനുമന്ത് വിദ്യാർ മന്ദിർ സ്കൂളിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുട്ടി കടുത്ത പുറംവേദനയെന്ന് അമ്മയോട് പരാതി പറഞ്ഞിരുന്നു. കാരണം ചോദിച്ചപ്പോൾ താനടക്കം നിരവധി കുട്ടികളെ വൈകിയതിന്‍റെ പേരിൽ സ്കൂൾ ബാഗ് പുറത്തിട്ടു കൊണ്ട് തന്നെ 100 തവണ ഏത്തമിടീച്ചതായി കുട്ടി വെളിപ്പെടുത്തി.
കഴുത്തു മുതൽ താഴേക്ക് കടുത്ത വേദന മൂലം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു കുട്ടി. ഉടൻ തന്നെ വസായിെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടോടെ കുട്ടി മരണത്തിന് കീഴടങ്ങി.
കുട്ടിക്ക് ആസ്മ ഉണ്ടായിരുന്നുവെന്നും ഏത്തമിടുന്നതു പോലുള്ള പ്രവൃത്തി താങ്ങാൻ ആകുമായിരുന്നില്ല എന്നും റിപ്പോർട്ടുകളുണ്ട്. കുട്ടി മരിച്ചതിനു പിന്നാലെ എംഎൻഎസ് പ്രവർത്തകർ സ്കൂളിലെത്തി സ്കൂൾ പൂട്ടിയിട്ടു. കുട്ടിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.