കനത്ത മഴയില്‍ മുംബൈ വെള്ളക്കെട്ടായി
മുംബൈ: കനത്ത മഴയില്‍ ദുരിതത്തിലായി മുംബൈ. തുടര്‍ച്ചയായ മൂന്നാംദിവസമാണ് മുംബൈയില്‍ മഴ തുടരുന്നത്. തിങ്കളാഴ്ച ആറ് മുതല്‍ എട്ടുമണിക്കൂറിനിടെ മുംബൈയില്‍ ലഭിച്ചത് 177 മില്ലിമീറ്റര്‍ മഴയാണ്. വരുംമണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് വിവരം.
ചൊവ്വാഴ്ചയും മഴ തുടരുകയാണ്. ലോക്കല്‍ ട്രെയിനുകളെല്ലാം വൈകിയാണ് ഓടിയത്. താഴ്ന്ന പ്രദേശങ്ങള്‍ തിങ്കളാഴ്ച വെളുപ്പിന് തന്നെ വെള്ളക്കെട്ടായതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും, കഴിവതും വീട്ടില്‍ തുടരണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ ഇരുപതിലധികം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. കനത്ത മഴ സംസ്ഥാനത്തുടനീളമുള്ള നാലു ലക്ഷം ഹെക്ടര്‍ വരുന്ന കൃഷിയിടങ്ങളെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങിപ്പോയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.