എസ്‌ഐ തുടര്‍ച്ചയായി പീഡിപ്പിച്ചു; ജീവനൊടുക്കി വനിതാ ഡോക്റ്റർ
മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില്‍ എസ്‌ഐക്കെതിരെ കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്റ്റര്‍ ജീവനൊടുക്കി. ജില്ലാ ആശുപത്രിയിലെ ഡോക്റ്ററാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്‌ഐ ഗോപാല്‍ ബദ്‌നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും പരാതി നല്‍കിയിട്ടും ഫലം ഉണ്ടായില്ലെന്നും ആതമഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
'ഞാന്‍ മരിക്കാന്‍ കാരണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്നെയാണ്. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസികവും ശാരീരികവുമായ പീഡനത്തിനും വിധേയനാക്കി,'' കുറിപ്പില്‍ പറയുന്നു.
ഫാല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്ട് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന ഡോക്റ്റര്‍ ജൂണ്‍ 19 ന് ഫാല്‍ട്ടാനിലെ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) ക്ക് അയച്ച കത്തിലും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഡോക്റ്റര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.