ജിഎസ്ടി നികുതി ഭാരം കുറയ്ക്കുവാനുള്ള നീക്കത്തെ സംസ്ഥാനങ്ങൾ എതിർക്കരുത്: എസ്. എസ്. മനോജ്
മുംബൈ: ജിഎസ്ടി നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തി ലഘുവരിക്കുവാനുള്ള കേന്ദ്ര നീക്കത്തെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു. പുതിയ നിർദേശങ്ങൾ വ്യാപാരികളുടെയും ജനങ്ങളുടെയും മേൽ നിലവിലുള്ള നികുതിഭാരം കുറയ്ക്കുമെന്നും, അതിന് തടസം നിൽക്കുന്ന നടപടികൾ സ്വീകരിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴി തെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയകൾ ലഘൂകരിക്കുവാനുള്ള നടപടികൾ കൂടി പരിഗണിക്കണം. ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പലതവണ സമർപ്പിച്ചിട്ടുള്ളതാണ്. അനാവശ്യമായ നിയമവ്യഹാരങ്ങളിലേക്ക് വ്യാപാരികളെ തള്ളിവിടുന്ന പലവിധമായ കുരുക്കുകൾ ഇപ്പോഴും ജിഎസ്ടി റിട്ടേൺ ഫയലിങ്ങുമായി ബന്ധപ്പെട്ട നിലവിലുണ്ട്.
അതുകൂടി പരിഹരിച്ചുകൊണ്ട് പരിഷ്കാരങ്ങൾ വരുത്തുക വഴി കൂടുതൽ വ്യാപാരികളെ ജിഎസ്ടിയുടെ രജിസ്ട്രേഷൻ എടുത്ത് വ്യാപാരം ചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.