ഹൈദരാബാദ് മാനസികാരോഗ്യ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഒരു മരണം, 70 പേർ ചികിത്സയിൽ
ഹൈദരാബാദ്: എറഗദ്ദയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്തിൽ (ഐഎംഎച്ച്) ഭക്ഷ്യവിഷബാധയെന്ന് സംശയം. സംഭവത്തിൽ ഒരു രോഗി മരിച്ചു. 70 പേർ ചികിത്സയിലായാണ്. ഇതിൽ 2 പേരുടെ നില ഗുരുതരവും 68 പേരുടെ നില തൃപ്തികരവുമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജൂൺ 2 ന് തെലങ്കാന രൂപീകരണ ദിനാഘോഷത്തിനു പിന്നാലെയാണ് രോഗികൾക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. കിരൺ (30) എന്ന രോഗിയാണ് മരിച്ചത്. എന്നാൽ മാരണം ഭക്ഷ്യവിഷബാധയേറ്റാണന്നത് ആപോരണം മാത്രമാണെന്നും 2023 ൽ ആശുപത്രിയിലേക്ക് റഫർ ചെയ്ത കരൺ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും ഐഎംഎച്ച് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
4 പതിറ്റാണ്ട് പഴക്കമുള്ള ഈ ആശുപത്രിയിലെ രോഗികളുടെ താമസ സൗകര്യം, സുരക്ഷ, വൃത്തിഹീനമായ ചുറ്റുപാടുകൾ, ഗുണനിലവാരമില്ലാത്ത ഭക്ഷണം എന്നീവ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ദാമോദർ രാജ നരസിംഹ ചൊവ്വാഴ്ച ഉത്തവിട്ടു.
സ്ഥിതിഗതികൾ വിലയിരുത്താൻ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആശുപത്രി പരിസരത്ത് ആവശ്യമായ ശുചിത്വ നടപടികൾ ശക്തിപ്പെടുത്തി. ഭക്ഷ്യവിഷബാധ മൂലമാണോ രോഗമുണ്ടായത് എന്നത് സംബന്ധിച്ച് ഉറപ്പുവരുത്തുന്നതിനായി രോഗികളുടെ മലം, ഛർദ്ദി സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് മെഡിസിനിലേക്ക് (ഐപിഎം) അയച്ചിട്ടുണ്ട്. മലിനജലത്തിൽ നിന്നാണ് രോഗം പടർന്നതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ജല സാമ്പിളുകളും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.