അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ 10 പേർ ഒളിവിൽ; സ്ഫോടനവുമായി ബന്ധമെന്ന് സംശയം
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്കു നീങ്ങുന്നതിനിടെ ഭീകരശൃംഖലയിലെ ഡോക്റ്റർമാരുടെ കേന്ദ്രമായ ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിൽ നിന്നു 10 പേർ ഒളിവിൽ. മൂന്നു കശ്മീരി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെയാണു കാണാതായത്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. കാണാതായവരിൽ ജീവനക്കാരും വിദ്യാർഥികളുമുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ.
ഭീകരാക്രമണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കഴിഞ്ഞ ദിവസം അൽ ഫലാഹ് ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ 415 കോടി രൂപയുടെ അഴിമതി നടന്നെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുകയും ചെയ്തു. ഇതിനിടെയാണ് യൂണിവേഴ്സിറ്റിയിൽ നിന്നു വിദ്യാർഥികളെയടക്കം കാണാതായെന്ന സൂചനകൾ.
ഫരീദാബാദ് വൈറ്റ് കോളർ ഭീകരശൃംഖലയുടെ കേന്ദ്രമായി പ്രവർത്തിച്ചത് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി മെംബറും കശ്മീരി ഡോക്റ്ററുമായ ഡോ. മുസാമ്മിലാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുസാമ്മിലും ചാവേറായ ഡോ. ഉമർ ഉൻ നബിയും കൂട്ടാളി ഡോ. മുസാഫറും ചേർന്നാണു 2900 കിലോഗ്രാം സ്ഫോടക വസ്തുക്കളും തോക്കുകൾ അടക്കം ആയുധങ്ങളും സമാഹരിച്ചത്.
വിദേശത്തു നിന്ന് ജയ്ഷ് ഇ മുഹമ്മദ് കമാൻഡർമാരായ ഉകാഷ, ഹാഷിം, മൻസൂർ എന്നിവരാണ് മുസാമ്മിലിനെ നിയന്ത്രിച്ചിരുന്നത്. ഏറ്റവും വേഗം ആക്രമണം നടത്താനായിരുന്നു ഉമറിന്‍റെ നീക്കം. എന്നാൽ, തിരക്കിട്ടുള്ള നീക്കം പിടിക്കപ്പെടാൻ ഇടയാക്കുമെന്ന് ഉമറിനോട് മുസാമ്മിൽ പറഞ്ഞിരുന്നു. ഡോക്റ്റർമാർ, എൻജിനീയർമാർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ തുടങ്ങി ഉന്നത പഠന പശ്ചാത്തലമുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. ജിഹാദി പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരക്കാർ വേണമെന്നായിരുന്നു പാക്കിസ്ഥാനിലും തുർക്കിയിലും നിന്നുള്ള ഭീകര കമാൻഡർമാരുടെ നിർദേശം.
മുതിർന്ന അധ്യാപകരിലൊരാൾ എന്ന ആനുകൂല്യം ലഭിച്ചിരുന്നു യൂണിവേഴ്സിറ്റിയിൽ ഇയാൾക്ക്. ഇതു മറയാക്കി ജൂനിയർ ഡോക്റ്റർമാരടക്കം മുഴുവൻ വിദ്യാർഥികളോടും ഇടപഴകാൻ മുസാമ്മിലിനു കഴിഞ്ഞു. ഇയാളുടെ പ്രവൃത്തിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലായിരുന്നെന്നാണു കുടുംബം ഇപ്പോഴും അവകാശപ്പെടുന്നത്.