നഴ്‌സറി സ്കൂൾ കുട്ടികളെ പീഡിപ്പിച്ചു; താനെയിൽ ആളിക്കത്തി പ്രതിഷേധം 
India

നഴ്‌സറി സ്കൂൾ കുട്ടികളെ പീഡിപ്പിച്ചു; താനെയിൽ ആളിക്കത്തി പ്രതിഷേധം

സ്കൂൾ തല്ലിത്തകർത്ത ജനക്കൂട്ടം ബദ്‌ലാപുർ റെയ്‌ൽവേ സ്റ്റേഷൻ ഉപരോധിച്ചു

Ardra Gopakumar

മുംബൈ: നഴ്സറി സ്കൂളിലെ ടൊയ്‌ലെറ്റിൽ 4 വയസുകാരായ രണ്ടു പെൺകുട്ടികളെ ശുചീകരണത്തൊഴിലാളി ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയതിനെത്തുടർന്നു മഹാരാഷ്‌ട്രയിൽ ബദ്‌ലാപുരിൽ വൻ പ്രതിഷേധം. സ്കൂൾ തല്ലിത്തകർത്ത ജനക്കൂട്ടം ബദ്‌ലാപുർ റെയ്‌ൽവേ സ്റ്റേഷൻ ഉപരോധിച്ചതോടെ താനെയിൽ ട്രെയ്‌ൻ ഗതാഗതം തടസപ്പെട്ടു.

പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വനിതാ ഐപിഎസ് ഓഫിസറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചെങ്കിലും ജനരോഷം ശമിപ്പിക്കാനായിട്ടില്ല. കുട്ടികളുടെ മാതാപിതാക്കൾക്ക് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ 11 മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നുവെന്ന ആരോപണം പ്രതിഷേധം ആളിക്കത്തിച്ചു.

കഴിഞ്ഞ 12, 13 തീയതികളിലായിരുന്നു സംഭവം. അറസ്റ്റിലായ കരാർ തൊഴിലാളി അക്ഷയ് ഷിൻഡെ (23)യെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഈ മാസം ഒന്നിനാണ് ഇയാളെ സ്കൂളിൽ ശുചീകരണത്തിന് നിയമിച്ചത്. ടൊയ്‌ലെറ്റ് ശുചീകരണത്തിനു സ്ത്രീകളെ നിയോഗിക്കാത്തതുൾപ്പെടെ വീഴ്ചകൾക്ക് സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. സ്വകാര്യ ഭാഗത്തു വേദനയുള്ളതായി കുട്ടികളിൽ ഒരാൾ വീട്ടിൽ പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരിശോധിച്ച ഡോക്റ്റർ ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു രണ്ടാമത്തെ കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി അറിയുന്നത്.

അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കുറ്റക്കാരെ വെറുതേവിടില്ലെന്നു വ്യക്തമാക്കി. ഐജി ആരതി സിങ് അന്വേഷണത്തിനു നേതൃത്വം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. എന്നാൽ, സ്കൂൾ അടിച്ചു തകർത്ത ജനക്കൂട്ടം ബദ്‌ലാപുർ റെയ്‌ൽവേ സ്റ്റേഷനിൽ ട്രെയ്‌ൻ തടഞ്ഞു. കോൽക്കത്ത സംഭവത്തെപ്പോലെ ക്രൂരമാണിതെന്നും പ്രതിയെ തൂക്കിക്കൊല്ലണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ഇതോടെ, താനെയിൽ നിന്നു നാസിക് ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ആറിനുശേഷമാണ് ട്രെയ്‌ൻ സർവീസ് പുനഃസ്ഥാപിച്ചത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?