സൻഗ്രുരാമും മൻഭാവതിയും വിവാഹദിനത്തിൽ
ജോൻപുർ: 35കാരിയെ വിവാഹം കഴിച്ച 75കാരൻ കല്യാണത്തിന്‍റെ പിറ്റേ ദിവസം മരിച്ചു. ഉത്തർപ്രദേശിലെ ജോൻപുരിൽ കച്ച്മുച്ച് ഗ്രാമത്തിലാണ് സംഭവം. സൻഗ്രുരാം എന്ന കർഷകനാണ് മരിച്ചത്. ഒരു വർഷം മുൻപാണ് സൻഗ്രുരാമിന്‍റെ ഭാര്യ മരിച്ചത്. ആദ്യ വിവാഹത്തിൽ കുട്ടികളില്ലാതിരുന്നതിനാൽ പിന്നീട് ഒറ്റയ്ക്കായിരുന്നു ജീവിതം. ബന്ധുക്കളുടെ ഉപദേശം മാനിച്ചാണ് തന്നേക്കാൾ പാതി വയസിനു മൻഭാവതിയെ വിവാഹം കഴിക്കാൻ ഇയാൾ തയാറായത്.
സെപ്റ്റംബർ 29നായിരുന്നു വിവാഹം. നിയമപ്രകാരം ജസിട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ വച്ച് ആചാരപ്രകാരം വിവാഹം നടത്തി. വിവാഹം കഴിഞ്ഞ രാത്രിയിൽ ഒരുപാടു നേരം സംസാരിച്ചിരുന്നതായി മൻഭാവതി പറയുന്നു.
പക്ഷേ നേരം പുലർന്ന ശേഷം സൻഗ്രുരാമിന്‍റെ ആരോഗ്യം മോശമാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൻഗ്രുരാമിന്‍റെ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിക്കുന്നുണ്ട്.