ഭീകരാക്രമണ പദ്ധതി: 9 പേർ അറസ്റ്റിൽ.
ന്യൂഡൽഹി: ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടുത്ത ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട ഒമ്പത് പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ISI), അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരുമായി അടുത്ത ബന്ധമുള്ള ഭീകരരെയാണ് ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളിൽ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പൗന്മാരുമുണ്ട്. ഇവരിനിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കുക എന്നതായിരുന്നു ഇവർക്ക് ലഭിച്ച നിർദേശം. ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയെല്ലാം ഇവരുടെ ആക്രമണ പട്ടികയിൽ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഈ ഭീകരസംഘം കുറച്ചുകാലമായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ അതിർത്തികടന്നുള്ള ബന്ധങ്ങൾ, ഫണ്ടിങ് സ്രോതസുകൾ, വിദേശത്തുള്ള ഹാൻഡ്‌ലർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് പൊലീസ് ഇപ്പോൾ വിശദമായ അന്വേഷണം നടത്തിവരുകയാണ്.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്ന് ഡൽഹിയിൽ നേരത്തെ തന്നെ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ ഡൽഹിയിലെ പ്രധാന ഓഫിസുകളും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ച് ചാവേർ ആക്രമണങ്ങൾ, കാർ ബോംബ് സ്ഫോടനങ്ങൾ (IED), വെടിവെപ്പ് എന്നിവ നടത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സുരക്ഷാ ഏജൻസികൾക്ക് ഈ മാസം ആദ്യം ലഭിച്ചിരുന്നു. എല്ലാ ജില്ലാ യൂണിറ്റുകൾക്കും ജാഗ്രത പാലിക്കാനും കേന്ദ്ര പാരാമിലിട്ടറി സേനകളുമായും രഹസ്യാന്വേഷണ ഏജൻസികളുമായും അടുത്ത ഏകോപനം നിലനിർത്താനും നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കടുത്ത കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്ന കശ്മീർ സ്വദേശിയായ ഡോക്ടർ ഉമർ ഉൾ നബി ആയിരുന്നു സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഹ്യുണ്ടായ് ഐ20 വാഹനം ഓടിച്ചിരുന്നത്.
ഈ കേസിലെ മറ്റ് പ്രധാന പ്രതികളായ കശ്മീർ സ്വദേശികൾ മുസമ്മിൽ ഷക്കീൽ ഗനായ്, അദീൽ അഹമ്മദ് റാത്തർ, ഇയാളുടെ സഹോദരൻ മുസഫർ അഹമ്മദ് റാത്തർ, മുഫ്തി ഇർഫാൻ അഹമ്മദ് വാഗേ, ഉത്തർപ്രദേശ് സ്വദേശി ഷഹീൻ സയീദ് എന്നിവരായിരുന്നു. ഇതിൽ ചിലരും അൽ-ഫലാ യൂണിവേഴ്സിറ്റിയിലെ ജീവനക്കാരായിരുന്നു.
അൽ-ക്വയ്ദ ബന്ധമുള്ള അൻസാർ ഗസ്വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയുടെ 'വൈറ്റ് കോളർ' ഭീകര ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു ഇവർ. ചെങ്കോട്ട സ്ഫോടനത്തിന് തൊട്ടുമുൻപാണ് ഈ മൊഡ്യൂളിനെ പൊലീസ് തകർത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഎസ്ഐ ബന്ധമുള്ള അടുത്ത വലിയ സംഘം കൂടി വലയിലാകുന്നത്.