മുംബൈ: മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഗായകൻ അഭിജിത് ഭട്ടാചാര്യയുടെ പരാമർശം വിവാദത്തിൽ. മഹാത്മാഗാന്ധി പാക്കിസ്ഥാന്‍റെ രാഷ്ട്രപിതാവാണ്, ഇന്ത്യയുടേതല്ലെന്നായിരുന്നു അഭിജിത്തിന്‍റെ പരാമർശം. ഇതിനെതിരേ സാമൂഹിക, സാംസ്കാരിക രംഗത്ത് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മാധ്യമ പ്രവർത്തകൻ ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റ് ഷോയിൽ സംഗീത സംവിധായകൻ ആർ.ഡി. ബർമനെക്കുറിച്ച് പറയുമ്പോഴാണ് അഭിജിത് ഭട്ടാചാര്യ മഹാത്മാ ഗാന്ധിയെക്കുറിച്ച് പരാമർശം നടത്തിയത്. മഹാത്മാ ഗാന്ധിയേക്കാൾ വലിയയാളാണ് പഞ്ചം ദാ എന്നുവിശേഷണമുള്ള ആർ.ഡി. ബർമൻ എന്ന് അഭിജിത് പറഞ്ഞു.മഹാത്മാ ഗാന്ധിയാണ് നമ്മുടെ രാഷ്ട്ര പിതാവെങ്കിൽ സംഗീതത്തിലെ പിതാവ് ആർ.ഡി. ബർമനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേരത്തെ നിലവിലുണ്ടായിരുന്നു. പിന്നീട് പാകിസ്താൻ ഇന്ത്യയിൽനിന്ന് വേർപെട്ടു. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് തെറ്റായി വിളിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍റെ നിലനിൽപ്പിന് പിന്നിലെ ഉത്തരവാദി അദ്ദേഹമാണ്. എന്നായിരുന്നു അഭിജിത്തിന്‍റെ പരാമർശം.