ന്യൂഡൽഹി: സാമൂഹിക പ്രവർത്തക മേധ പട്കർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് മേധാ പട്കറെ അറസ്റ്റു ചെയ്തത്. മുൻ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡൽഹി കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.
കേസിൽ കഴിഞ്ഞ വർഷം വിധി പറഞ്ഞ കോടതി, പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപ കെട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു. മേധ ഇത് പാലിച്ചില്ല. തുടർന്ന് അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. അറസ്റ്റിനു പിന്നാലെ മേധയെ കോടതിയിൽ ഹാജരാക്കും.
2001ലാണ് സക്സേന കേസ് ഫയൽ ചെയ്തത്. ഒരു ചാനലിൽ തനിക്കെതിരേ മേധാ പട്കർ അപകീർത്തികരമായ പരാമർശനം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നുമുള്ള 2 കേസുകളാണ് സക്സേന നൽകിയിരുന്നത്.
സക്സേനയെ ഭീരു എന്ന് വിളിക്കുകയും ഹവാല ഇടപാടുണ്ടെന്ന് ആരോപിക്കുകയും ചെയ്ത മേധാ പട്കറുടെ പ്രവർത്തികൾ അപമാനകരവും അദ്ദേഹത്തെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്നു കോടതി കണ്ടെത്തിയിരുന്നു.
കേസിൽ 5 മാസം തടവും 10 ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചിരുന്നത്. എന്നാൽ മേധയുടെ പ്രായവും നല്ലനടപ്പും പരിഗണിച്ച് കോടതി തടവിൽ ഇളവ് വരുത്തി പിഴയിനത്തിൽ ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന് മേധാ തയാറാവാതെ വന്നതോടെ കോടതി വിധിയെ മനഃപൂർവം തിരസ്കരിക്കുന്ന പ്രവർത്തികളാണ് പട്കറിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് വിലയിരുത്തിയ കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുകയായിരുന്നു.