ഗുജറാത്ത് വിമാന ദുരന്തം; എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നുവെന്ന് റിപ്പോർട്ട്

 
India

ഗുജറാത്ത് വിമാന ദുരന്തം: എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നുവെന്ന് റിപ്പോർട്ട്

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് റിപ്പോർട്ട്. എൻജിനുകളിലേക്കുള്ള ഇന്ധനം ഉറപ്പാക്കുന്ന സ്വിച്ച് ഓഫ് ആയതായും ആരാണിത് ഓഫ് ചെയ്തതെന്ന് പൈലറ്റുമാർ പരസ്പരം ചോദിക്കുന്നതിന്‍റെയും വോയ്സ് റെക്കോഡും കോക്പ‌ിറ്റിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ സ്വിച്ച് ഓൺ ചെയ്തെങ്കിലും എൻജിൻ പ്രവർത്തനക്ഷമമാകും മുൻപേ തന്നെ വിമാനം താഴേക്ക് വീഴുകയായിരുന്നു. എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്.

വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവ സമയത്ത് വിമാനതതിലെ റാം എയർ ടർബൈൻ പ്രവർത്തന ക്ഷമമായിരുന്നു. സാധാരണയായി വിമാനത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയോ ഹൈഡ്രോളിക് സംവിധാനങ്ങൾ നിശ്ചലമാകുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് റാം എയർ ടർബൈൻ പ്രവർത്തിക്കാറുള്ളത്. വിമാനത്തിൽ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.

വിമാന ദുരന്തമുണ്ടായി ഒരു മാസത്തിനു ശേഷമാണ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. അപകടത്തിൽ വിമാനത്തിലെ ഒരു യാത്രക്കാരൻ ഒഴികെ മറ്റെല്ലാം യാത്രക്കാരും മരിച്ചിരുന്നു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു