അജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത് കൈയിൽ കെട്ടിയ വാച്ച് കണ്ട്; വിമാനം തർന്നുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
പൂനെ: വിമാനാപകടത്തിൽ കൊല്ലപ്പെട്ട എൻസിപി പ്രസിഡന്‍റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത് കയ്യിൽ കെട്ടിയ വാച്ച് കണ്ട്. രാവിലെയുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വിമാനാപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
നിയന്ത്രണം വിട്ട് വയലിലേക്ക് തകർന്നു വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഇത് ദൃശ്യങ്ങളിലുണ്ട്. വിമാനം പൂർണമായി കത്തിയമർന്നതിനാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു.
കൈയിൽ കെട്ടിയ വാച്ചാണ് അജിത് പവാറിന്‍റെ മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. എൻസിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ക്ലോക്കായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള യാത്രയ്ക്കിടെയാണ് അജിത് പവാറിന് ദാരുണാപകടമുണ്ടായത്.
അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. ആകാശത്ത് വച്ചുതന്നെ വിമാനം ആടിയുലഞ്ഞിരുന്നു. തുടർന്നാണ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത് എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
തകർന്നു വീണതിനുശേഷമാണ് വിമാനത്തിന് തീപിടിച്ചത്. നാലോ അഞ്ചോ തവണ സ്ഫോടനമുണ്ടായെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. ഏകദേശം 16 വർഷത്തോളം പഴക്കുമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ് ഘട്ടത്തിലാണ് വിമാനത്തിന് തകരാർ സംഭവിച്ചതെന്നാണു പ്രാഥമിക വിവരം, എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷണത്തിനു ശേഷമേ വ്യക്തമാകൂ.