ഉത്പാദനത്തില്‍ "സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് അനുസൃതമായി ഏറ്റവും ഉയര്‍ന്ന ആഗോള നിലവാരം പുലര്‍ത്തുന്ന, മികച്ച നിലവാരമുള്ള ഉത്പന്നങ്ങള്‍ നല്‍കുന്നതില്‍ ലോകത്തിന്‍റെ മുന്‍നിരയിലെത്താനുള്ള ദൗത്യത്തിലാണ് ഇന്ത്യ. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള ദൗത്യത്തിന്‍റെ മുഖ്യഭാഗമാണ് ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങള്‍ മത്സരാധിഷ്ഠിത നിരക്കില്‍ വിതരണം ചെയ്യുക എന്നത്. "ഇന്ത്യയില്‍ നിര്‍മിച്ചത്' എന്ന മുദ്ര ഇന്ത്യന്‍- വിദേശ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന ഗുണനിലവാരത്തിന്‍റെ അടയാളമാണെന്ന് ഉറപ്പാക്കാന്‍ സർക്കാർ നിശ്ചയദാര്‍ഢ്യമുള്ള നടപടികളാണു കൈക്കൊള്ളുന്നത്.
നിര്‍ദിഷ്ട ഉത്പന്നങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്‍റെ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നു നിര്‍ബന്ധമാക്കുന്ന ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കാണ് (ക്യുസിഒ) ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് അനുഗ്രഹമാണ്. അവര്‍ക്കു വിശ്വസനീയവും സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉത്പന്നങ്ങള്‍ ഇതിലൂടെ ഉറപ്പാക്കാനാകുന്നു. മാത്രമല്ല, ആഭ്യന്തര- അന്തര്‍ദേശീയ വിപണികളില്‍ വര്‍ധിക്കുന്ന ആവശ്യകതയോടും കാര്യബോധമുള്ള ഉപഭോക്താക്കളോടും ഇടപെടേണ്ട വ്യാപാരങ്ങള്‍ക്കും ഇതു ഗുണകരമാണ്. 140 കോടി ഇന്ത്യക്കാരുടെ കുടുംബത്തെ ലോകവുമായി ബന്ധപ്പെടാനും മികച്ച ഉത്പന്നങ്ങളെയും പ്രവര്‍ത്തനങ്ങളെയുംകുറിച്ച് അറിയാനും ഡിജിറ്റല്‍ ഇന്ത്യ സംരംഭം സഹായിച്ചു. ഒരുല്‍പ്പന്നം വാങ്ങുന്നതിനുമുമ്പ് അതിന്‍റെ പ്രവര്‍ത്തനം, ഈട്, വിശ്വാസ്യത എന്നിവയ്ക്കായി അവര്‍ പതിവായി ഉപഭോക്തൃ അവലോകനങ്ങള്‍ പരിശോധിക്കുന്നു. ഉത്പന്നത്തില്‍ അവര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ പരസ്യമായി പോരായ്മകള്‍ ഉയര്‍ത്തിക്കാട്ടുന്നു. അതിനാല്‍, ഉത്പന്നത്തിന്‍റെ ഗുണനിലവാരം, വില, നവീകരണം എന്നിവ തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
സുരക്ഷിതവും വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇന്ത്യന്‍ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള കരുത്തുറ്റ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2014 മേയ് മാസത്തിന് മുമ്പ്, 106 ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 ക്യുസിഒകള്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. 653 ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 148 ക്യുസിഒകളിലേക്ക് പട്ടിക ഇപ്പോള്‍ വിപുലീകരിച്ചു. എസി, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ ഗാര്‍ഹിക ഉത്പന്നങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
കയറ്റുമതിയിലെ ഗുണനിലവാര നിയന്ത്രണം
"ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കുക' എന്ന ദൗത്യം ക്യുസിഒകള്‍ ത്വരിതപ്പെടുത്തി. ക്യുസിഒകള്‍ക്ക് കീഴില്‍ നിരവധി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇരുമ്പ് ഉത്പന്നങ്ങള്‍, സോളാര്‍ ഡിസി കേബിളുകള്‍, വാതില്‍ സാമഗ്രികള്‍, സീലിങ് ഫാനുകള്‍, ഹെല്‍മെറ്റുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍, വിജാഗിരികള്‍, എയര്‍ കൂളറുകള്‍, എയര്‍ ഫില്‍ട്ടറുകള്‍ എന്നിവ ഇറക്കുമതിയേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ഗുണനിലവാര നിയന്ത്രിത ഉത്പന്നങ്ങളാണ്. ക്യുസിഒയുടെ പരിധിയില്‍ വരുന്ന ഇരുമ്പ് ഉത്പന്നങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി മൂല്യം 53.5 കോടി ഡോളറായിരുന്നു. എന്നാല്‍, ഇറക്കുമതിമൂല്യമാകട്ടെ, 6.8 കോടി ഡോളര്‍ മാത്രമാണ്. കയറ്റുമതി ഇറക്കുമതിയെക്കാള്‍ കൂടുതലുള്ള ഉത്പന്നങ്ങള്‍ക്കായി ഏകദേശം 25 ക്യുസിഒകള്‍ ഉണ്ട്. ഇന്ത്യയില്‍ കരുത്തുറ്റ ഗുണനിലവാര അവബോധം കെട്ടിപ്പടുക്കുന്നതില്‍ ക്യുസിഒകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇത് തെളിയിക്കുന്നു. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ രാജ്യത്തേക്കു തള്ളുന്നത് കുറയ്ക്കുന്നതിനും ഇതു സഹായിക്കും. മികച്ച ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭിക്കുക എന്നത് നമ്മുടെ അമൃതകാലത്ത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും അവകാശമാണ്. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ക്യുസിഒകള്‍ നിര്‍ണായകമാണ്. നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ വീടുകള്‍ക്ക് അങ്ങേയറ്റം അപകടകരമാണ്. വിലകുറഞ്ഞ വൈദ്യുതോപകരണങ്ങള്‍ തീപിടിത്തത്തിനു കാരണമാകാം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, കളിപ്പാട്ടങ്ങളിലെ വിഷ രാസവസ്തുക്കള്‍ എന്നിവ കാരണം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുപോലുള്ള അപകടസാധ്യതകളുമുണ്ടാകാം.
തിളക്കമാര്‍ന്ന ഉദാഹരണം
ഉപഭോക്താക്കളെയും ഉത്പാദകരെയും സഹായിക്കുന്നതിന് ഗുണനിലവാര നിയന്ത്രണംവഴി ഉത്പാദനം മെച്ചപ്പെടുത്താം എന്നതിന്‍റെ ഉജ്വല ഉദാഹരണമാണ് കളിപ്പാട്ട വ്യവസായം. ഈ ക്യുസിഒ നടപ്പാക്കുന്നതിനുമുമ്പ്, ഇന്ത്യന്‍ കളിപ്പാട്ട വിപണി വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളാല്‍ വലഞ്ഞിരുന്നു. 2019ല്‍ ഇന്ത്യന്‍ ഗുണനിലവാര സമിതി നടത്തിയ സര്‍വെയില്‍, കളിപ്പാട്ടങ്ങളില്‍ മൂന്നിലൊന്ന് മാത്രമാണ് പ്രസക്തമായ ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതെന്നും ഭൂരിഭാഗവും കുട്ടികള്‍ക്ക് അപകടകരമാണെന്നും കണ്ടെത്തി. ഇത് അംഗീകരിക്കാനാകാത്തതിനാല്‍ ഗവണ്‍മെന്‍റ് 2021 ജനുവരി 1 മുതല്‍ ഈ മേഖലയ്ക്കായി ക്യുസിഒ ഉപയോഗിച്ച് വേഗത്തില്‍ പ്രതികരിച്ചു.
ഇത് ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തി. ഇന്ത്യന്‍ വിപണിയിലെ കളിപ്പാട്ടങ്ങളില്‍ 84 ശതമാനവും ബിഐഎസ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ക്യുസിഒ ഇന്ത്യയിലെ കുട്ടികള്‍ക്ക് സുരക്ഷിതവും ഉയര്‍ന്ന നിലവാരമുള്ളതുമായ കളിപ്പാട്ടങ്ങള്‍ ലഭ്യമാക്കുക മാത്രമല്ല, 2018-19നെ അപേക്ഷിച്ച് 2022-23ല്‍ അവയുടെ കയറ്റുമതി 60% വര്‍ധിപ്പിക്കുകയും ചെയ്തു.
ഉപഭോക്തൃ വസ്തുക്കളിലും വീടുകളില്‍ ഉപയോഗിക്കുന്ന മറ്റ് ഉത്പന്നങ്ങളിലും നിരവധി ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്ററുകള്‍, ബോള്‍ട്ടുകള്‍, നട്ടുകള്‍, സീലിങ് ഫാനുകള്‍, അഗ്നിശമന ഉപകരണങ്ങള്‍, പാചകാവശ്യത്തിനുള്ള സാമഗ്രികള്‍, പാത്രങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, പൈപ്പിലൂടെയുള്ള പ്രകൃതിവാതകം ഉപയോഗിക്കുന്നതിനുള്ള ഗാര്‍ഹിക ഗ്യാസടുപ്പുകള്‍, മരത്തടി അടിസ്ഥാനമാക്കിയുള്ള ബോര്‍ഡുകള്‍, ഇന്‍സുലേറ്റഡ് ഫ്ളാസ്ക്, ഇന്‍സുലേറ്റഡ് കണ്ടെയ്നറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ക്യുസിഒകള്‍ നടപ്പാക്കുന്നതിന് മുമ്പ് പ്രതികരണങ്ങള്‍, സാങ്കേതിക നിര്‍ദേശങ്ങള്‍, പ്രായോഗിക നിര്‍ദേശങ്ങള്‍ എന്നിവ പരിഗണിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വ്യവസായ പ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാ പങ്കാളികളുമായും സർക്കാർ കൂടിയാലോന നടത്തുന്നുണ്ട്. സൂക്ഷ്മ- ചെറുകിട യൂണിറ്റുകള്‍ക്ക് കൂടുതല്‍ പരിവര്‍ത്തന കാലയളവ് നല്‍കി അവരുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. വ്യവസായങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും ഗുണനിലവാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന ഉത്പാദകരെ പിന്തുണയ്ക്കാനും ഗവണ്‍മെന്‍റ് എല്ലായ്പ്പോഴും തയാറാണ്.
ഗുണമേന്മയുള്ള ഭരണം, ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍
140 കോടി ഇന്ത്യക്കാരുള്ള തന്‍റെ കുടുംബത്തിന്‍റെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ വിശാലമായ കാഴ്ചപ്പാടിന്‍റെ ഉപവിഭാഗമാണ് ഉത്പന്നങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നീക്കം. ആഹാരം, വസ്ത്രങ്ങള്‍, വീട് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്കൊപ്പം ആരോഗ്യസംരക്ഷണവും മികച്ച അടിസ്ഥാനസൗകര്യങ്ങളും നല്‍കുന്നതിനുള്ള നിര്‍ണായക നടപടികളിലൂടെ അവരുടെ ആഗ്രഹങ്ങളോട് അദ്ദേഹം പ്രതികരിച്ചു. അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടി.
പ്രധാനമന്ത്രിയുടെ ഉന്നതനിലവാരമുള്ള ഭരണത്തിന് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്താണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇത് ഇന്ത്യന്‍ ഉത്പാദകര്‍ക്കു കരുത്തുറ്റ സന്ദേശമാണ് നല്‍കുന്നത്. വോട്ടോ അല്ലെങ്കില്‍ പണസഞ്ചിയോ ഉപയോഗിച്ച് ജനങ്ങള്‍ മികച്ച നിലവാരം തിരഞ്ഞെടുക്കുന്നു. "ക്വാളിറ്റി ഈസ് ഫ്രീ' എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഫിലിപ്പ് ക്രോസ്ബി ഒരിക്കല്‍ പറഞ്ഞതുപോലെ: "നിങ്ങള്‍ക്കു ഗുണനിലവാരമില്ലെങ്കില്‍, നിങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ല'.