തെലങ്കാന ടണൽ ദുരന്തം; രക്ഷാപ്രവർത്തനത്തിനായി കേരള പൊലീസിന്‍റെ കഡാവർ നായകൾ
ഹൈദരാബാദ്: നാഗർകുർണൂൽ ടണൽ രക്ഷാപ്രവർത്തനത്തിന് കേരള പൊലീസിന്‍റെ രണ്ട് കഡാവർ നായകളെ അയച്ചു. രണ്ട് പൊലീസ് നായകളും അവയെ കൈകാര‍്യം ചെയ്യുന്നതിനുള്ള ജീവനക്കാരുമാണ് ഹൈദരാബാദിലേക്കു പോയത്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ അഭ‍്യർഥന പ്രകാരമാണ് കഡാവർ നായകളെ വിട്ടുകൊടുത്തത്.
അതേസമയം, ഭാഗികമായി തകർന്ന ടണലിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. എട്ടു പേരാണ് ടണലിൽ കുടുങ്ങിയിരിക്കുന്നത്. റോബോട്ടിക് ടെക്നോളജി അടക്കമുള്ള സാധ‍്യതകൾ ഉപയോഗിച്ചാണ് രക്ഷാ പ്രവർത്തനം തുടരുന്നത്. ഡൽഹി നാഷണൽ സെന്‍റർ ഫൊർ സീസ്മോളജിയിൽ നിന്നുള്ള വിദഗ്ധരും തെരച്ചിലിൽ പങ്കെടുക്കുന്നു.
മാർച്ച് രണ്ടിന് മുഖ‍്യമന്ത്രി രേവന്ത് റെഡ്ഡി അപകടസ്ഥലം സന്ദർശിച്ചിരുന്നു. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിനു പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായിരുന്ന ചോർച്ച പരിഹരിക്കുന്നതിനായി തൊഴിലാളികൾ അകത്തുകയറിയ സമയത്താണ് അപകടമുണ്ടായത്.