ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് | രാകേഷ് കിഷോർ
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കെതിരേ ചെരുപ്പെറിയാൻ ശ്രമിച്ച അഭിഭാഷകനെതിരേ നടപടിയുമായി സുപ്രീം കോടതി ബാർ അസോസിയേഷൻ. രാകേഷ് കിഷോറിന്‍റെ താത്ക്കാലിക അംഗത്വം റദ്ദാക്കുകയും സുപ്രീം കോടതിയിൽ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.
"27.07.2011 തീയതിയിലെ K-01029/RES നമ്പർ ഉള്ള താൽക്കാലിക അംഗമായ കിഷോറിനെ പിരിച്ചുവിടുകയും അസോസിയേഷന്‍റെ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് നീക്കം ചെയ്യുകയും ചെയ്യ്തു'. പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയും അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഗവായ് നടത്തിയ പരാമർശമാണ് അഭിഭാഷകന്‍റെ പ്രകോപനം. ''വിഗ്രഹം പുനസ്ഥാപിക്കാൻ നിങ്ങളുടെ ദൈവത്തോടു തന്നെ പോയി പറയൂ'' എന്നാണ് ചീഫ് ജസ്റ്റിസ് അന്നു പറഞ്ഞത്.
തിങ്കളാഴ്ച കോടതി നടപടികൾ നടക്കുന്നതിനിടെയാണ് ഷൂസെറിയാൻ ശ്രമമുണ്ടായത്. ''സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഹിന്ദുസ്ഥാൻ സഹിക്കില്ല'' (സനാതൻ ധർമ് കാ അപ്മാൻ നഹി സഹേഗാ ഹിന്ദുസ്ഥാൻ) എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് അഭിഭാഷകൻ ഷൂസ് എറിയാൻ ശ്രമിച്ചത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ കോടതി മുറിയിൽ നിന്ന് പുറത്താക്കി.