DK Shivakumar
ബംഗളൂരു: ബംഗളൂരു ദുരന്തത്തിൽ വിങ്ങിപ്പൊട്ടി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർസിബിയുടെ വിജയാഘോഷത്തിൽ 11 പേർ മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഇതിൽ നിന്നും നാം ഭരണപരമായ പാഠം പഠിക്കണം. എന്നാൽ പ്രതിപക്ഷമിത് ആയുധമാക്കുകയാണ്. എത്ര മൃതദേഹങ്ങൾക്ക് മേൽ അവർ രാഷ്ട്രീയം കളിച്ചു. ഇപ്പോഴും അത് തുടരുന്നു.'- ശിവകുമാർ പറഞ്ഞു.
ഇത്ര അധികം ആളുകൾ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുമെന്ന് കരുതിയിരുന്നില്ല. 35,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിലേക്കെത്തിയത് മൂന്നു ലക്ഷത്തോളം പേരാണ്. ഇത്തരമൊരു അപകടമുണ്ടായതിൽ അതിയായ ഖേദമുണ്ടെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, അപകടത്തിനു പിന്നാലെ സർക്കാർ ഔദ്യോഗികമായി ക്ഷമാപണം നടത്തിയിരുന്നു. തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.