പ്രളയത്തിൽ ബാങ്ക് മുങ്ങി; ചെളിയിൽ കുഴഞ്ഞ് ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും
മാണ്ഡി: മേഘവിസ്ഫോടനവും മിന്നൽ പ്രളയവും മൂലം പാതിയും മുങ്ങി ഹിമാചൽ പ്രദേശിലെ ബാങ്ക്. മാണ്ഡി ജില്ലയിൽ ആയിരക്കണക്കിന് പേർ പണം നിക്ഷേപിച്ചിരുന്ന ഹിമാചൽ പ്രദേശ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കാണ് പ്രളയത്തിൽ പാതിയും മുങ്ങിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും അനവധി രേഖകളും മണ്ണിടിച്ചിൽ മൂലമുണ്ടായ ചെളിയിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ബാങ്കിൽ നിന്ന് മണ്ണും ചെളിയും നീക്കം ചെയ്തെങ്കിൽ മാത്രമേ എത്ര രൂപയുടെ നാശമാണ് ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്താനാകൂ.
മിന്നൽ പ്രളയത്തിൽ ബാങ്ക് കെട്ടിടം തകർന്നു വീണിട്ടില്ല. എന്നാൽ രണ്ടു നിലകളിൽ പണി കഴിപ്പിച്ച കെട്ടിടത്തിന്‍റെ ആദ്യനില പൂർണമായും വെള്ളവും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. മിന്നൽ പ്രളയത്തിന്‍റെ ശക്തിയിൽ ബാങ്കിന്‍റെ ഷട്ടർ പൂർണമായും തകർന്നിട്ടുണ്ട്. ബാങ്കിലെ പണവും ആഭരണങ്ങളും ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുനാഗ് മാർക്കറ്റിൽ ഉള്ള ബാങ്കിൽ നിത്യേന 150 പേരെങ്കിലും പണമിടപാടുകൾ നടത്താറുണ്ടെന്ന് അധികൃതർ പറയുന്നു.
8 ലക്ഷം പേരുള്ള പട്ടണത്തിലെ ഏക ബാങ്കാണിപ്പോൾ മുങ്ങിയിരിക്കുന്നതെന്ന് പ്രാദേശിക വ്യവസായി ഹരി മോഹൻ പറയുന്നു.
വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടുന്നില്ല എന്നുറപ്പു വരുത്താൻ നിലവിൽ നാട്ടുകാരിൽ ചിലർ ബാങ്കിന് കാവൽ നിൽക്കുന്നുണ്ട്. ജൂൺ 2 മുതൽ ജൂലൈ 6 വരെ ഹിമാചലിൽ 23 തവണയാണ് മിന്നൽ പ്രളയമുണ്ടായത്. 19 മേഘവിസ്ഫോടനവും 16 മണ്ണിടിച്ചിലും സംസ്ഥാനത്തുണ്ടായി. 78 പേരാണ് മരണപ്പെട്ടത്.