ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി
ബിലാസ്പുർ: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. ഒരു കുടുംബത്തിലെ നാലു പേർ മണ്ണിനടിയിൽ പെട്ടതായാണ് റിപ്പോർട്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഹിമാചലിലെ കുളു ജില്ലയിലാണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്.
തിങ്കളാഴ്ച രാത്രിയോടെയുണ്ടായ കനത്ത മഴയിൽ കുളുവിലെ ഗാട്ടു പഞ്ചായത്തിലെ രണ്ട് വീടുകൾ പൂർണമായി തകർന്നു. ബ്രാസിതി ദേവി എന്ന സ്ത്രീയുടെ മൃതദേഹം മാത്രമാണ് മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ചുന്നിലാൽ, അൻജു, ജാഗൃതി, പുപേഷ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.
മലയാളികൾ അടക്കമുള്ള നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.