ഖരഗ്പൂർ ഐഐടിയിൽ വിദ്യാർഥി തൂങ്ങി മരിച്ചു; ഈ വർഷം റിപ്പോർട്ടു ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യാ കേസ്, അന്വേഷണം ആരംഭിച്ചു
ഖരഗ്പൂർ: ഖരഗ്പൂർ ഐഐടിയിൽ ഗവേഷക വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബി.ആർ. അംബേദ്കർ ഹാളിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വർഷം ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ചാമത്തെ ആളാണ് ആത്മഹത്യ ചെയ്യുന്നത്.
ജാർഖണ്ഡ് സ്വദേശിയായ ഹർഷ്‌കുമാർ പാണ്ഡെ (27) എന്ന ആളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് ഹിജ്‌ലി ഔട്ട്‌പോസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
മരിച്ച ഹർഷ്‌കുമാർ പാണ്ഡെ പിഎച്ച്ഡി മെക്കാനിക്കൽ എൻജിനിയർ വിദ്യാർഥിയായിരുന്നു. മകനെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ പിതാവ് കോളെജുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് കോളെജ് അധികൃതർ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.