അതിർത്തിയിലെ പട്രോളിങ്ങിന് ഇന്ത്യ-ചൈന ധാരണ 
India

അതിർത്തിയിലെ പട്രോളിങ്ങിന് ഇന്ത്യ-ചൈന ധാരണ

2020 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ രൂക്ഷമായ അതിർത്തി സംഘർഷത്തിൽ ഇളവ് വരുത്താൻ ഉദ്ദേശിച്ചുള്ളതാണ് പട്രോളിങ് സംവിധാനങ്ങൾ സംബന്ധിച്ച ധാരണ

ന്യൂഡൽഹി: അതിർത്തിയിലെ നിയന്ത്രണരേഖയിൽ (LAC) പട്രോളിങ് നടത്തുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി. ഏതാനും ആഴ്ചകളായി നടത്തിവരുന്ന ചർച്ചകളാണ് പരിസമാപ്തിയിലെത്തിയിരിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റി വ്യക്തമാക്കി.

2020 മുതൽ ഇരുരാജ്യങ്ങൾക്കുമിടയിൽ രൂക്ഷമായ അതിർത്തി സംഘർഷത്തിൽ ഇളവ് വരുത്താൻ ഉദ്ദേശിച്ചുള്ളതാണ് പട്രോളിങ് സംവിധാനങ്ങൾ സംബന്ധിച്ച ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെ കസാനിലേക്കു പോകുന്നതിനു മുന്നോടിയായാണ് പ്രഖ്യാപനം.

ഇതോടെ, ഇരുരാജ്യങ്ങളും അതിർത്തിയിൽ നടത്തിയിട്ടുള്ള വൻ സൈനിക വിന്യാസത്തിൽ കുറവ് വരുത്താനും വഴി തെളിഞ്ഞു. ഓഗസ്റ്റിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയും ചൈനയും അതിർത്തിയിൽ സമാധാനം ഉറപ്പാക്കാൻ ധാരണയിലെത്തിയിരുന്നു.

നയതന്ത്ര, സൈനിക തലങ്ങളിൽ ചർച്ച തുടരാനുള്ള അന്നത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്രോളിങ് സന്നാഹങ്ങൾ സംബന്ധിച്ച ചർച്ചകൾ തുടർന്നത്.

നാല് വർഷമായി തുടരുന്ന അതിർത്തി സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസായ ബന്ധങ്ങളെ അടക്കം ബാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളും പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു

ട്വന്‍റി 20 ലോകകപ്പിന് വേദിയാകാൻ അഹമ്മദാബാദ് സ്റ്റേഡിയം

ബസുകൾ കത്തിച്ചു, ട്രെയിനുകൾ തടഞ്ഞു; ഫ്രാൻസിലെ തെരുവുകളിൽ പ്രതിഷേധം, 200 പേർ അറസ്റ്റിൽ

ബഹുമാനം ഒട്ടും കുറയ്ക്കണ്ട; 'ബഹു' ചേർത്ത് അഭിസംബോധന ചെയ്യാൻ മറക്കരുതെന്ന് നിർദേശം

'ജെൻ സി' പ്രക്ഷോഭത്തിനിടെ ജയിൽ ചാടി ഇന്ത‍്യ‍യിലേക്ക് കടക്കാൻ ശ്രമം; പ്രതികൾ പിടിയിൽ