കിഷ്ത്വാറിലെ മേഘവിസ്ഫോടനം; മരണസംഖ‍്യ 46 ആയി
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും മലയിടിച്ചിലിലും 46 പേർ മരിച്ചു. നിരവധി പേരെ കാണാതായി. 167 പേരെ രക്ഷപെടുത്തി. ഇവരിൽ 38 പേരുടെ നില ഗുരുതരം. മരിച്ചവരിൽ രണ്ടു പേർ കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ ജവാന്മാരാണ്. ഉത്തരാഖണ്ഡിലെ ധരാലിയിലും ഹിമാചൽ പ്രദേശിലുമുണ്ടായ മിന്നൽപ്രളയ ദുരന്തങ്ങളുടെ നടുക്കം മാറും മുൻപാണു കിഷ്ത്വാറിലെ അപകടം.
ഇന്നലെ ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയിൽ ചോസിതി ഗ്രാമത്തെയാണു പ്രളയം തകർത്തത്. പ്രശസ്തമായ മച്ചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള വാർഷിക തീർഥാടനത്തിന്‍റെ ഭാഗമായി നിരവധി ഭക്തർ ചോസിതിയിലുണ്ടായിരുന്നു.
9500 അടി ഉയരത്തിലുള്ള ക്ഷേത്രത്തിലേക്കുള്ള പാതയിൽ ചോസിതി വരെ മാത്രമേ വാഹനഗതാഗതമുള്ളൂ. അവശേഷിക്കുന്ന എട്ടര കിലോമീറ്റർ മലമുകളിലേക്കു കാൽനടയായി കയറണം. ഈ പാതയും ഗ്രാമത്തിലെ വീടുകളും കടകളും രക്ഷാ സേനയുടെ ഔട്ട് പോസ്റ്റുമടക്കം പ്രളയത്തിൽ ഒഴുകിപ്പോയി. പ്രദേശത്തു പാറയും ചെളിയും നിറഞ്ഞു. രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. കിഷ്ത്വാറിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ചോസിതി.