മധു ബംഗാരപ്പ
ശിവമൊഗ്ഗ: പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള കസ്തൂരി രംഗൻ റിപ്പോർട്ട് ഇപ്പോഴത്തെ രൂപത്തിൽ നടപ്പാക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കർണാടക മന്ത്രി മധു ബംഗാരപ്പ. മലനാട്ടിൽ താമസിക്കുന്ന ജനങ്ങളുടെ ഭൂമിയും കൃഷിയും ജീവനപാധികളും എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം. തീർഥഹള്ളിയിൽ കോൺഗ്രസ് പദയാത്ര യെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
മുൻ മന്ത്രി കിമ്മനെ രത്നാകർ നയിച്ച പദയാത്ര ശാന്താവേരി ഗോപാലഗൗഡ രംഗമന്ദിരയിൽ സമാപിച്ചു. കസ്തൂരി രംഗൻ റിപ്പോർട്ടിനെ കോൺഗ്രസ് എക്കാലവും എതിർത്തിരുന്നെന്നു ബംഗാരപ്പ. 2013ൽ സിദ്ധരാമയ്യ സർക്കാരിന്‍റെ കാലത്ത് റിപ്പോർട്ട് പരിശോധിക്കാൻ ഉപസമിതിയെ വച്ചിരുന്നു. ആ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണു കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയത്. വിജ്ഞാപനത്തെ വെറുതേ എതിർത്തതല്ല. മലയോര മേഖലയിലെ ജനങ്ങൾക്കു വേണ്ടിയാണ് അതിനെ തള്ളുന്നത്. പശ്ചിമഘട്ടം നമ്മുടെ അഭിമാനമാണ്.
അതിന്‍റെ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതുമാണ്. എന്നാൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പേരിൽ ഇപ്പോൾ പരിസ്ഥിതി സൗഹൃദമായി ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ല. തീർഥഹള്ളിയിലെ 134 ഗ്രാമങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരുന്നു. അടുത്ത വിജ്ഞാപനത്തിൽ ഇതു 154 ഗ്രാമങ്ങളായി ഉയർന്നു. ബിജെപി എംഎൽഎയും എംപിയും ഇതിൽ എന്താണു ചെയ്തതെന്നും അദ്ദേഹം. ഗുജറാത്ത് മുതൽ കേരളവും തമിഴ്നാടും വരെ നീളുന്ന പശ്ചിമഘട്ടത്തിലെ 60000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്‍റെ 37 ശതമാനം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനാണു കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശ.