സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: ലഡാക്ക് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ‍്യപരിശോധനയ്ക്കായാണ് സോനം വാങ്ചുക്കിനെ ജോധ്പൂരിലെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അധികൃതർ വ‍്യക്തമാക്കി.
ഒന്നര മണിക്കൂറോളം ആശുപത്രിയിൽ വൈദ‍്യപരിശോധനകൾക്കു ശേഷം സോനം വാങ്ചുക്കിനെ തിരിച്ച് ജോധ്പൂർ സെൻട്രെൽ ജയിലിലേക്ക് മാറ്റി. സോനം വാങ്ചുക്കിന് ഉദര സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതർ വ‍്യക്തമാക്കുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ 21 തവണ വാങ്ചുക്കിനെ ജയിലിലെ ഡോക്റ്റർമാർ പരിശോധിച്ചതായാണ് വിവരം.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങുകയും ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സോനം വാങ്ചുക്ക് നടത്തിയ പ്രസംഗം യുവജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. സംഘർഷത്തിൽ നാലു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.