ആധവ് അർജുൻ
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെ യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറൽ സെക്രട്ടറി ആധവ് അര്‍ജുനക്കെതിരായ എഫ്ഐആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
കലാപ ആഹ്വാനം അടക്കമുളള കുറ്റങ്ങളാണ് ആധവിനെതിരേ ചുമത്തിയിരുന്നത്.
ടിവികെ ജനറൽ സെക്രട്ടറിക്ക് വേണ്ടി മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ അഭിഷേക് സിഗ് വി ഹാജരായി. നേപ്പാൾ, ശ്രീലങ്ക മാതൃകയിൽ ജെൻസി പ്രക്ഷോഭം വേണമെന്നായിരുന്നു ആധവിന്‍റെ പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ ടിവികെ പോസ്റ്റ് നീക്കം ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം ഇല്ലെന്നും, നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരിനെ പരാജയപ്പെടുത്തണമെന്നാണ് ഉദേശിച്ചതെന്നും ആധവ് വാദിച്ചിരുന്നു.
പോസ്റ്റ് അരമണിക്കൂറിനുള്ളിൽ പിൻവലിച്ചെങ്കിലും ഒരു ലക്ഷത്തിൽ അധികം പേർ വായിച്ചെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായായിരുന്നു ആധവ് അർജുനയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ്. യുവജന വിപ്ലവത്തിന് സമയം ആയെന്ന് ആധവ് കുറിപ്പിൽ പറയുന്നു. ശ്രീലങ്കയും നേപ്പാളും ആവർത്തിക്കാനും ആഹ്വാനം ചെയ്തുള്ളതായിരുന്നു സമൂഹ മാധ്യമങ്ങളിലെ കുറിപ്പ്.