നീതു ചന്ദ്രൻ
രാജ്യത്തിന്‍റെ തന്നെ ഉറക്കം കളഞ്ഞ രണ്ടു വർഷങ്ങളിലൂടെയാണ് മണിപ്പുർ കടന്നു പോയത്. കലാപത്തിൽ നൂറു കണക്കിന് പേർ കൊല്ലപ്പെട്ടപ്പോഴും സാമുദായിക കലാപം സകല പരിധികളെയും അധികരിച്ച് കത്തിപ്പടർന്നപ്പോഴും ബിജെപി സർക്കാർ പാറ പോലെ ഉറച്ചു നിന്നു. ആയിരക്കണക്കിന് വീടുകൾ പകൽ വെളിച്ചത്തിൽ കത്തിയമർന്നപ്പോഴും, നഗ്ന പരേഡ് ലോകത്തെ മുഴുവൻ ഞെട്ടിച്ചപ്പോഴും, സുപ്രീം കോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചപ്പോഴും ബിരേൻ സിങ്ങിന്‍റെ മുഖ്യമന്ത്രി പദത്തിന് ഇളക്കം സംഭവിച്ചിരുന്നില്ല. ഒടുവിൽ പാർട്ടിക്കുള്ളിൽ പുകഞ്ഞു തുടങ്ങിയ അതൃപ്തി ബിരേൻ സിങ്ങിന്‍റെ കസേരയെ അപ്പാടെ ഇളക്കി മാറ്റിയിരിക്കുന്നു. കലാപം ആരംഭിച്ച കാലം മുതൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്ന രാജിയെന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയതു പോലും ഉൾപ്പാർട്ടിപ്പോര് പുറത്തു വരുമെന്ന ഭയത്തിലാണ്.
ഫെബ്രുവരി 7നാണ് ബിജെപി സർക്കാരിനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്‍റ് കെയ്ഷം മേഘചന്ദ്ര പ്രഖ്യാപിച്ചത്. എന്നാൽ, അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്തു വിട്ടതുമില്ല. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ ബിജെപി എംഎൽഎമാർ വിപ്പ് ലംഘിച്ച് കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. 60 അംഗ സഭയിൽ നിലവിൽ കോൺഗ്രസിനുള്ളത് വെറും അഞ്ച് അംഗങ്ങളാണ്. നാഷണൽ പീപ്പിൽസ് പാർട്ടിക്ക് (എൻപിപി) 7 അംഗങ്ങളും ബിജെപിക്ക് 32 അംഗങ്ങളുമുണ്ട്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്‍റെ 5 എംഎൽഎമാരും ജെഡിയുവിന്‍റെ 6 എംഎൽഎമാരും സർക്കാരിനെ പിന്തുണച്ചിരുന്നു. ഇതു കൂടാതെ കുകി പീപ്പിൾസ് അലയൻസിന്‍റെ രണ്ട് അംഗങ്ങളും മൂന്ന് സ്വതന്ത്ര അംഗങ്ങളുമാണ് സഭയിലുള്ളത്.
മണിപ്പുരിലെ 12 ബിജെപി എംഎൽഎമാർ നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചാണ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയത്. തിങ്കളാഴ്ച മണിപ്പുരിൽ ബജറ്റ് സമ്മേളത്തിനിടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാൽ ബിജെപി എംഎൽഎമാർ അടക്കം ബിരേൻ സിങ്ങിനെ കൈവിടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.ഡൽഹിയിലെ വൻ വിജയത്തിനു മേൽ അത്തരമൊരു കരിനിഴൽ പടരാൻ ദേശീയ നേതൃത്വം ആഗ്രഹിച്ചിരുന്നില്ല. അതു കൊണ്ടു തന്നെയാണ് ബജറ്റ് സമ്മേളനത്തിന് തൊട്ടു മുൻപ് ബിരേൻ സിങ് രാജി സമർപ്പിക്കാൻ നിർബന്ധിതനായത്.
അതേസമയം, മണിപ്പുരിൽ ബിജെപിയെ അധികാരത്തിലേറ്റാൻ ബിരേൻ സിങ് വഹിച്ച പങ്ക് വലുതാണ്. അതു കൊണ്ടു തന്നെ ഒരു വാക്ക് കൊണ്ടു പോലും ബിരേൻ സിങ്ങിനെ മുറിപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ തയാറായിരുന്നില്ല. മെയ്തി വിഭാഗത്തിൽ നിന്നുള്ള ബിരേൻ സിങ്ങിന് സമുദായത്തിന്‍റെ പിന്തുണയും ഉണ്ടായിരുന്നു. മണിപ്പുരിലെ ജനസംഖ്യയിൽ 53 ശതമാനം പേരും മെയ്തേ വിഭാഗത്തിൽ നിന്നുള്ളവരാണ്.