പ്രസവാവധി സ്ത്രീകളുടെ അവകാശം; നിഷേധിക്കാനാവില്ല: സുപ്രീം കോടതി

 

file image

India

പ്രസവാവധി സ്ത്രീകളുടെ അവകാശം; നിഷേധിക്കാനാവില്ല: സുപ്രീം കോടതി

ദത്തെടുത്ത സ്ത്രീകള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

Ardra Gopakumar

ന്യൂഡല്‍ഹി: പ്രസവാവധി സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും അതു നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി. മൂന്നാമത്തെ കുട്ടിയുടെ ജനനത്തിൽ അധ്യാപികയ്ക്കു പ്രസവാവധി നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് അഭയ് എസ്. ഓക, ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ഉത്തരവ്.

ആനുകൂല്യം രണ്ടു കുട്ടികൾക്കു മാത്രമെന്നതാണു സർക്കാർ നയമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപികയുടെ രണ്ടാം വിവാഹത്തിൽ ആദ്യ കുട്ടി ജനിച്ചപ്പോൾ അധികൃതർ പ്രസവാവധി നിഷേധിച്ചത്. ആദ്യ വിവാഹത്തിൽ ഇവർക്കു രണ്ടു കുട്ടികളുള്ളതു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയതോടെ ഇവർ സുപ്രീം കോടതിയെ സമീപിച്ചു.

ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളും ആദ്യ ഭർത്താവിനൊപ്പമാണെന്നും ജോലി ലഭിക്കും മുൻപാണ് ആദ്യ പ്രസവങ്ങളെന്നും അധ്യാപിക ഹർജിയിൽ പറഞ്ഞിരുന്നു. ജോലിയില്ലാതിരുന്നതിനാൽ ആദ്യ പ്രസവങ്ങൾക്ക് ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ടില്ലെന്നും വിശദീകരിച്ചു. രണ്ടാം വിവാഹത്തിനു ശേഷമാണു ജോലി ലഭിച്ചത്. അതിനാല്‍ കുഞ്ഞിന്‍റെ പരിപാലനത്തിനായി അവധി ആവശ്യമാണെന്നും അധ്യാപിക വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രസവാവധി പ്രത്യുത്പാദന അവകാശങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി.

ഏതൊരു സ്ത്രീക്കും കുഞ്ഞ് ജനിച്ചതിനുശേഷം 12 ആഴ്ച വരെ ശമ്പളത്തോടെയുള്ള പ്രസവാവധി എടുക്കാമെന്നായിരുന്നു പ്രസവാവധി നയം. 2017 ല്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് പ്രസവാവധി നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തി. എല്ലാ വനിതാ ജീവനക്കാര്‍ക്കും പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു. ദത്തെടുത്ത സ്ത്രീകള്‍ക്കും 12 ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ട്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്