എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡിഎംകെ കാണാത്ത വിജയങ്ങളും പരാജയങ്ങളുമില്ല എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് കൈമാറിയതിനു ശേഷമായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം.
‘‘ഡിഎംകെ ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ്. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടി സഖാക്കൾ’’ – സ്റ്റാലിൻ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്റ്റാലിനും ഡിഎംകെ പാർട്ടിയും വൻ തിരിച്ചടിയാണ് നേരിട്ടത്. തുടർഭരണം പ്രതീക്ഷിച്ചിരുന്ന പാർട്ടി തകർന്നടിയുകയായിരുന്നു. സ്വന്തം തട്ടകമായ കോളത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് സ്റ്റാലിൻ പരാജയപ്പെടുന്നത്. ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോടാണ് പരാജയം ഏറ്റുവാങ്ങിയത്. ഏഴ് തവണ നിയമസഭാംഗമായിട്ടുള്ള സ്റ്റാലിൻ ആദ്യമായാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.