ഗണേശോത്സവത്തിന് ഒരുങ്ങി മുംബൈ

 
India

ഗണേശോത്സവത്തിന് ഒരുങ്ങി മുംബൈ; 11 ദിവസം ഭക്തിസാന്ദ്രം

വിശ്വാസത്തിന്‍റെയും ആഘോഷത്തിന്‍റെയും ഉത്സവമായി മാറുന്ന ഗണേശ ചതുർഥി മുംബൈയെ ഒരുമിപ്പിക്കുന്ന കാഴ്ച കൂടിയാണ്

Sarath Nath MS

മുംബൈ: മുംബൈയുടെ തെരുവുകളിൽ ഇനി മുഴങ്ങിക്കേൾക്കുക ‘ഗണപതി ബപ്പാ മോറിയ’ എന്ന മന്ത്രോച്ചാരണം. വിവിധ വലുപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ വീടുകളിലേക്കും നഗരത്തിലെ വിവിധ ഗണേശോത്സവ പന്തലുകളിലേക്കും എത്തിച്ചതോടെ 11 ദിവസം നീളുന്ന ഗണേശോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി.

ലാൽബാഗിലെ തിരക്കേറിയ ഇടുങ്ങിയ വഴികളിലെല്ലാം കലാസൃഷ്ടികളാൽ അലങ്കരിച്ച പന്തലുകൾ ഒരുക്കി ഗണേശോത്സവത്തിന്‍റെ നിറപ്പകിട്ടിലാണ് നഗരം. വിശ്വാസത്തിന്‍റെയും ആഘോഷത്തിന്‍റെയും ഉത്സവമായി മാറുന്ന ഗണേശ ചതുർഥി മുംബൈയെ ഒരുമിപ്പിക്കുന്ന കാഴ്ച കൂടിയാണ്.

സെപ്റ്റംബർ 25ന് അനന്ത ചതുർദശിയോടെയാണ് ആഘോഷങ്ങൾക്ക് സമാപനം. അന്ന് ഗണേശ വിഗ്രഹങ്ങളുമായി നഗരത്തിലൂടെ വലിയ ഘോഷയാത്രകൾ നടത്തി കടൽത്തീരങ്ങളിലേക്ക് എത്തിച്ച് നിമജ്ജനം നടത്തും.

പ്രധാന ഗണേശോത്സവ മണ്ഡലുകൾ വലിയ വിഗ്രഹങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ തന്നെ എത്തിച്ചിരുന്നെങ്കിലും ചെറിയ സംഘങ്ങളും കുടുംബങ്ങളും ഞായറാഴ്ച രാത്രി ഭക്തിഗാനങ്ങളുടെയും തെരുവ് സംഗീതത്തിന്‍റെയും അകമ്പടിയോടെ വിഗ്രഹങ്ങൾ വീടുകളിലെത്തിച്ചു.

‘പ്രാണപ്രതിഷ്ഠ’ ചടങ്ങുകളോടെയാണ് ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമായത്. കുടുംബങ്ങളും വിവിധ പ്രദേശങ്ങളിലെ സംഘങ്ങളും വിപുലമായ പൂജകളും ആരതികളും മന്ത്രോച്ചാരണങ്ങളും നടത്തി.

ലാൽബാഗ്, പരേൽ, ഗിർഗാവ്, അന്ധേരി, ചെമ്പൂർ, ഫോർട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ വർണാഭമായ വെളിച്ച അലങ്കാരങ്ങളാൽ നിറഞ്ഞു. ദാദർ, ക്രോഫോർഡ് മാർക്കറ്റ്, ലോഹാർ ചാൾ എന്നിവിടങ്ങളിലെ തിരക്കേറിയ വിപണികളിൽ ഉത്സവത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാൻ വൻതിരക്കാണ് അനുഭവപ്പെട്ടത്. പരമ്പരാഗത അലങ്കാരങ്ങൾ, പുതിയ പൂമാലകൾ, മധുരപലഹാരങ്ങൾ, പൂജാ സാമഗ്രികൾ തുടങ്ങിയവയ്ക്ക് വൻ ഡിമാന്‍റാണ് അനുഭവപ്പെട്ടത്.

ലാൽബാഗാണ് ഗണേശോത്സവത്തിന്‍റെ പ്രധാന കേന്ദ്രം. ലാൽബാഗ്ചാ രാജാ, ചിഞ്ച്പോക്ലി, ഗണേഷ് ഗല്ലി, തേജുകായ തുടങ്ങിയ പ്രമുഖ പന്തലുകളിലേക്ക് വൻ ജനക്കൂട്ടമാണ് എത്തുന്നത്. മാട്ടുംഗയിലെ ജിഎസ്ബി സേവാ മണ്ഡൽ ഇത്തവണയും ഗണേശ വിഗ്രഹത്തെ അതിമനോഹരമായ സ്വർണാഭരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വഴിപാടുകളും സംരക്ഷിക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

തിലക് നഗറിലെ സഹ്യാദ്രി മണ്ഡൽ, ദക്ഷിണ മുംബൈയിലെ ഫോർട്ട് വിഭാഗ് സാർവജനിക് ഗണേശോത്സവ മണ്ഡൽ, അന്ധേരിയിലെ ആസാദ് നഗർ സാർവജനിക് ഉത്സവ് സമിതി, ഗിർഗാവിലെ ഖേത്വാടി ഗണപതി മണ്ഡലുകൾ എന്നിവയും വിശ്വാസികളുടെ പ്രധാന ആകർഷണങ്ങളാണ്.

ആഘോഷം സുരക്ഷിതമായി നടത്താൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 16,800ലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിഗ്രഹ നിമജ്ജന ദിവസങ്ങളിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജനത്തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. തിരക്കേറിയ സ്ഥലങ്ങളിൽ നിയന്ത്രണം പാലിക്കണമെന്നും ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യർഥിച്ചു.

'നിയമവിരുദ്ധം'; വി.ഡി. സതീശന്‍റെ എഐ ഡാൻസ് നീക്കം ചെയ്ത് മെറ്റ, ഇന്ത്യയിൽ കാണാനാവില്ല

അമെരിക്കയിലെ ദക്ഷിണേഷ്യൻ വിദ്യാർഥികളെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ പരാമർശം വിവാദത്തിൽ

സിഡ്നി, സിംഗപ്പൂർ മോഡലിൽ ഓഷ്യനേറിയം, കൊച്ചിയെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കും: വി.ഡി. സതീശൻ

ആൻഡമാൻ-നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണറായി ദിനേശ് ശർമ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി