അൽഫലാഹ് സർവകലാശാല
ഫരീദാബാദ്: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ അൽഫലാ സർവകലാശാലയ്ക്ക് നാക് അംഗീകാരമില്ലെന്ന വിവരം പുറത്തുവന്നു. സര്‍വകലാശാല വെബ്‌സൈറ്റില്‍ നാക് അംഗീകാരം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിട്ടുളളത്.
വ്യാജ നാക് അംഗീകാരം രേഖപ്പെടുത്തിയതിൽ നാക് കൗൺസിൽ അൽഫലാ സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സർവകലാശാല നാകിന് വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നും, അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാകിന്‍റെ നോട്ടീസിൽ പറയുന്നു.
വ്യാജ വിവരം വെബ്സൈറ്റിലൂടെ നൽകിയതിലൂടെ അവിടെ പഠിക്കുന്ന വിദ്യാർഥികളെയും മാതാപിതാക്കളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
അൽഫലാ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ കീഴിലുളള അൽഫലാ സർവകലാശാല, അൽ ഫലാഹ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജി, ബ്രൗൺ ഹിൽ കോളെജ് ഓഫ് എഞ്ചിനീയറിങ് ആന്‍റ് ടെക്നോളെജി, അൽ ഫലാഹ് സ്കൂൾ ഓഫ് എഡ്യുക്കേഷൻ ആന്‍റ് ട്രെയിനിങ് എന്നി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ക്യാമ്പസാണ് എന്നാണ് വെബ്സൈറ്റിൽ സൂചിപ്പിക്കുന്നത്. നിലവിൽ ഈ വെബ്സൈറ്റ് ലഭ്യമല്ല.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട നാലാമത്തെ കാറും പൊലീസ് കണ്ടെത്തി. മാരുതി സുസുക്കി ബ്രെസ കാറാണ് ഹരിയാനയിലെ ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലയിൽ നിന്ന് കണ്ടെത്തിയത്. ഇതിനിടെ ഹരിയാന പൊലീസ് ഡെൽഹിയിലെ അൽഫലാഹ് സർവകലാശാലയിലെ ഓഫീസിൽ പരിശോധന നടത്തി.