രാജ്യമാകെ സൈറൺ മുഴങ്ങും; മെയ് 7ന് ഡിഫൻസ് മോക്ക് ഡ്രിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര സർക്കാർ യോഗം ചൊവ്വാഴ്ച നടക്കും. ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള വഴികൾ യോഗം വിലയിരുത്തും.
അടിയന്തര സാഹചര്യം നേരിടാൻ പൊതുജനങ്ങൾക്ക് പരിശീലനം നൽകണമെന്നു സംസ്ഥാനങ്ങളോടു കേന്ദ്രം. ഇതിനായി ബുധനാഴ്ച (May 07) വിവിധ സംസ്ഥാനങ്ങളിൽ മോക് ഡ്രിൽ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി. രാജ്യത്തുടനീളമുള്ള 244 നിയുക്ത സിവിൽ ഡിഫൻസ് ജില്ലകളിലായി വലിയ തോതിലുള്ള മോക്ക് ഡ്രിൽ നടത്തും.
രാജ്യമൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിച്ച് പ്രവർത്തനക്ഷമത പരിശോധിക്കണം
ആക്രമണമുണ്ടായാൽ സ്വയരക്ഷ എങ്ങനെയെന്ന് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണം
പൊടുന്നനെ വൈദ്യുതി നിലച്ചാൽ നേരിടാനുള്ള സംവിധാനങ്ങൾ തയാറാക്കണം
ഒഴിപ്പിക്കലിനു പരിശീലനം വേണം തുടങ്ങിയ യുദ്ധസാഹചര്യം നേരിടാനുള്ള നിർദേശമാണു കേന്ദ്രം നൽകിയത്
പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്‍റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനു സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനങ്ങൾ സജ്ജാക്കണം.
മറ്റ് പ്രധാന നഗരങ്ങളിലും പ്രത്യേകിച്ച് ഡൽഹിയിലും ഇതിനായുള്ള തയാറെടുപ്പുകൾ ശക്തമാക്കി. ഹരിയാന, ഉത്തർപ്രദേശ് അതിർത്തികളിൽ പട്രോളിംഗ്, അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം മറ്റും വർദ്ധിപ്പിച്ചുകൊണ്ട് പോലീസ് സേന അതീവ ജാഗ്രതയിലാണ്. ബോംബ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഎസ്), ഡോഗ് സ്ക്വാഡുകൾ തുടങ്ങിയ പ്രത്യേക യൂണിറ്റുകൾ ഡ്രിൽ സമയത്ത് സജീവമായിരിക്കും. കൂടാതെ വാടക വാഹനങ്ങൾക്കും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട് കാൽനട പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി.
തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് സേനയുടെ തയാറെടുപ്പുകൾ വിശദീകരിച്ചിരുന്നു. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയായിരുന്നു പ്രതിരോധ സെക്രട്ടറിയുമായുള്ള ചർച്ച.
അതേസമയം, അറബിക്കടലിൽ പാക്കിസ്ഥാൻ നടത്തുന്ന നാവികാഭ്യാസങ്ങൾ കണക്കിലെടുത്ത് അതീവ ജാഗ്രതയിലാണ് ഇന്ത്യൻ നാവികസേന. വ്യോമസേനയുടെ മുൻ നിര യുദ്ധവിമാനങ്ങൾ ഇടതടവില്ലാതെ നിരീക്ഷണപ്പറക്കൽ തുടരുകയാണ്. കഴിഞ്ഞ മാസം 29ന് ചേർന്ന ഉന്നതതല യോഗത്തിൽ സൈന്യത്തിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.