നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും കൂടിക്കാഴ്ച നടത്തിയപ്പോൾ
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കാഠ്മണ്ഡുവിൽ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
നേപ്പാൾ-ഇന്ത്യ ഉഭയകക്ഷി ബന്ധം, വികസന പങ്കാളിത്തം, സഹകരണ മേഖലകൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബാലേന്ദ്ര ഷായെ ഇന്ത്യൻ അംബാസഡർ അഭിനന്ദിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അറിയിക്കുകയും ചെയ്തു. “പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ ഇന്ന് രാവിലെ സന്ദർശിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ ആശംസകൾ അറിയിച്ചു. ഇന്ത്യയും നേപ്പാളും തമ്മിൽ ശക്തവും ബഹുമുഖവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഫലപ്രദമായ ആശയവിനിമയം നടത്തി”- ശ്രീവാസ്തവ എക്സിൽ കുറിച്ചു. പൊതുതാൽപര്യമുള്ള മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയും ഇന്ത്യയുമായുള്ള നേപ്പാളിന്‍റെ ചരിത്രപരമായ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും വേണമെന്ന് പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
ചൈനീസ് അംബാസഡർ ഷാങ് മാവോമിങ്ങുമായും ഷാ തിങ്കളാഴ്ച പ്രത്യേകം കൂടിക്കാഴ്ച നടത്തി. യുഎസ് എംബസി ചാർജ് ഡി അഫയേഴ്സ് സ്കോട്ട് അർബോമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
അതേസമയം പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇതുവരെ ഇന്ത്യയിലേക്കോ ചൈനയിലേക്കോ സന്ദർശനം നടത്തിയിട്ടില്ല. പകരം വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ജൂണിൽ ന്യൂഡൽഹിയിലും ബെയ്ജിങ്ങിലും സന്ദർശനം നടത്തിയിരുന്നു.