ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും 
India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും

വിശദ പരിശോധനയ്ക്കായി ജെപിസിക്കു വിട്ടേക്കും

ന്യൂഡൽഹി: പാർലമെന്‍റ്, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കാൻ നിർദേശിക്കുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ബിൽ ചൊവ്വാഴ്ച ലോക്സഭയിൽ. തിങ്കളാഴ്ച അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിൻ്റെ നീക്കമെങ്കിലും ഇത് മാറ്റി വയ്ക്കുകയായിരുന്നു.

നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ അവതരിപ്പിച്ചശേഷം വിപുലമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്‍ററി സമിതിക്കു (ജെപിസി) വിടാൻ സ്പീക്കറോട് അഭ്യർഥിക്കും. തുടർന്ന് വഖഫ് ബില്ലിനു സമാനമായി എംപിമാരുടെ അംഗസംഖ്യയ്ക്കനുസരിച്ച് വിവിധ പാർട്ടികൾക്കു പ്രാതിനിധ്യം ഉറപ്പാക്കി ജെപിസി രൂപീകരിക്കും. ബിജെപിക്കായിരിക്കും സമിതിയുടെ അധ്യക്ഷപദം.

ചൊവ്വാഴ്ച സഭയിൽ ഹാജരാകണമെന്നു ബിജെപിയുടെ മുഴുവൻ എംപിമാർക്കും മൂന്നുവരി വിപ്പ് നൽകിയിട്ടുണ്ട്. ജെപിസിയിലേക്കുള്ള അംഗങ്ങളെ നിർദേശിക്കാൻ സ്പീക്കർ സഭയിൽ അംഗത്വമുള്ള കക്ഷികളോട് നിർദേശിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ വൈകുന്നേരത്തോടെ ജെപിസി സജ്ജമാകും.

ഏതെങ്കിലും പാർട്ടി പ്രതിനിധിയെ നിർദേശിക്കാൻ വിസമ്മതിച്ചാൽ അവർക്ക് സമിതിയിൽ അംഗത്വം നഷ്ടമാകും. പ്രാഥമികമായി 90 ദിവസമാകും ജെപിസിയുടെ കാലാവധി. ആവശ്യമെങ്കിൽ സഭയ്ക്ക് ഇതു നീട്ടിക്കൊടുക്കാനാകും.

മുൻ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയാണു തെരഞ്ഞെടുപ്പ് ഏകീകരണത്തിനു ശുപാർശ ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ സമിതിയിൽ അംഗമായിരുന്നു. ബിൽ അവതരിപ്പിക്കുമ്പോൾ അമിത് ഷാ സഭയിലുണ്ടാകും.

പല സമയങ്ങളിലായി തെരഞ്ഞെടുപ്പു നടത്തുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ്, പാഴാകുന്ന സമയം, ഒരേ ജോലികളുടെ ആവർത്തനം, മാതൃകാ പെരുമാറ്റച്ചട്ടം മൂലം വികസന പദ്ധതികളിലുണ്ടാകുന്ന തുടർച്ചയായ തടസങ്ങൾ തുടങ്ങിയ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നു സർക്കാർ പറയുന്നു.

1951-52, 1957, 1962, 1967 വർഷങ്ങളിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാണു നടന്നത്. എന്നാൽ, ചില സംസ്ഥാനങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പുകൾ നടന്നതോടെയാണ് ഇപ്പോഴത്തെ അവസ്ഥയിലേക്കു മാറിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ,ജനാധിപത്യ വിരുദ്ധമാണ് ഈ നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍