6 ദിവസം മാത്രം നീണ്ട വിവാഹ ജീവിതം, ''എന്നെയും കൊല്ലൂ'' എന്ന് തേങ്ങി ഹിമാൻഷി; നൊമ്പരമായി താഴ്‌വരയിൽ നിന്നുള്ള ചിത്രം
ശ്രീനഗർ: ചൊവ്വാഴ്ച പഹൽഗാം താഴ്‌വരയിലെ ഭീകരാക്രമണത്തിന്‍റെ വാർത്തകൾ പുറം ലോകത്തേക്കെത്തുമ്പോൾ, അടുത്തിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാവും അതെന്ന് ആരും തന്നെ കരുതിയിരുന്നില്ല. എന്നാൽ, പിന്നീടങ്ങോട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ഉയർന്നു വരുന്ന മരണസംഖ്യയും അവിടെ നിന്നു പുറത്തു വരുന്ന ചിത്രങ്ങളും വലിയ നൊമ്പര കാഴ്ചയാവുകയാണ്.
എല്ലാവരെയും കണ്ണീരിലാഴ്ത്തിയ ഒരു ചിത്രം രാത്രിയോടെ പുറത്തു വന്നിരുന്നു. നിലത്തു കിടക്കുന്ന ഒരു യുവാവിനരികിൽ നിസ്സഹായായി ഇരിക്കുന്ന ഒരു യുവതിയുടെ ചിത്രമാണത്. വിവാഹം കഴിഞ്ഞ് ആറ് ദിവസം മാത്രം പിന്നിട്ട ദമ്പതികൾ.
ഇവർ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു കശ്മീരിൽ. കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ വിനയ് നർവാൾ (26), ഭാര്യ ഹിമാൻഷി എന്നിവരാണ് ചിത്രത്തിലുള്ളത്.
ഭീകരരുടെ ആക്രമണത്തിൽ വിനയ് നർവാളാണ് കൊല്ലപ്പെട്ടു. ആ മൃതദേഹത്തിനരികിലിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം കാണുന്നവരെ എല്ലാം ഏറെ അസ്വസ്ഥമാക്കുന്നുണ്ട്. ഇപ്പോൾ ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്.