യുഎഇ സന്ദർശനത്തിനു ശേഷം ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ സമൂഹം സ്വീകരിക്കുന്നു. 
India

ഖത്തറുമായുള്ള ബന്ധം അനുദിനം ശക്തമാകുന്നു: പ്രധാനമന്ത്രി

വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

Ardra Gopakumar

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ ശക്തമാകുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണു മോദിയുടെ പ്രതികരണം. എട്ട് മുൻ ഇന്ത്യൻ നാവികരെ വധശിക്ഷയും തടവും ഇളവ് ചെയ്ത് ഖത്തർ മോചിപ്പിച്ചു ദിവസങ്ങൾക്കുള്ളിലാണു മോദിയുടെ സന്ദർശനം. മുൻ നാവികർ മോചിപ്പിക്കപ്പെട്ടതോടെ, മുൻകൂട്ടി നിശ്ചയിച്ച ദ്വിദിന യുഎഇ സന്ദർശനത്തിനു പുറമേ ഖത്തർ കൂടി സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു ഖത്തർ അമീറുമായി നടന്നതെന്നു മോദി സമൂഹമാധ്യമത്തിൽ കുറിച്ചു. ദോഹയിൽ തനിക്കു ലഭിച്ച ആചാരപരമായ വരവേൽപ്പിന്‍റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. രാത്രി മോദിക്കായി അത്താഴവിരുന്നൊരുക്കി ഖത്തർ അമീർ. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്നതിൽ അമീറിനോടു മോദി നന്ദി പറഞ്ഞെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഉത്പാദനപരമായിരുന്നു ഇരുവരുടെയും ചർച്ച. വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്കാരികം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. എല്ലാരംഗത്തും സഹകരണം ശക്തമാക്കുമെന്ന് ഇരു നേതാക്കളും ഉറപ്പുനൽകിയെന്നും ജയ്സ്വാൾ.

ബുധനാഴ്ച രാത്രി ദോഹയിലെത്തിയ പ്രധാനമന്ത്രി, ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ നാവികർക്ക് ഖത്തർ കോടതി ഒക്റ്റോബർ 26ന് വധശിക്ഷ വിധിച്ചശേഷം രണ്ടാം തവണയാണ് മോദി അമീറിനെ കാണുന്നത്. ദുബായിയിൽ ഡിസംബറിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മുൻ നാവികരുടെ അപ്പീൽ പരിഗണിച്ച മേൽക്കോടതി ഇവരുടെ വധശിക്ഷ റദ്ദാക്കി. കഴിഞ്ഞ ദിവസം തീർത്തും അപ്രതീക്ഷിതമായി എല്ലാവരെയും മോചിപ്പിക്കുകയായിരുന്നു.

ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയതിനാണു മുൻനാവികർക്കെതിരായ കേസെന്നാണു റിപ്പോർട്ട്. എന്നാൽ, ഖത്തറോ ഇന്ത്യയോ ഇതേക്കുറിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) വിൽപ്പനയിൽ ഖത്തറിന്‍റെ വലിയ പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ എൽഎൻജി ഇറക്കുമതിയിൽ 48 ശതമാനം ഖത്തറിൽ നിന്നാണ്. 2029 മുതൽ 20 വർഷത്തേക്ക് വർഷം 75 ലക്ഷം ടൺ എൽഎൻജി വാങ്ങുന്നതിന് ഇന്ത്യ, ഖത്തറുമായി കരാർ ഒപ്പുവച്ചിരുന്നു.

ശബരിമല സ്വർണക്കൊള്ള: നടന്നത് വൻ ഗൂഢാലോചന

മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് 5 ഇന്ത്യക്കാർ മരിച്ചു

റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

മെഡിക്കൽ കോളെജ് ഡോക്റ്റർമാർ ഒപി ബഹിഷ്കരിക്കും

ദീപാവലി തിരക്ക്: ട്രെയ്നുകൾക്ക് അധിക കോച്ചുകൾ