ശശി തരൂർ എം.പി
ന്യൂഡൽഹി: കോൺഗ്രസിനെ സമ്മർദത്തിലാക്കി വീണ്ടും ശശി തരൂർ എം.പി. പാർലമെൻറിൽ പ്രതിപക്ഷ പാർട്ടി ഉത്തരവാദിത്തം മറന്നുപോകുന്നുവെന്നാണ് തരൂരിന്‍റെ വിമർശനം. പാർലമെന്‍റ് നടപടികൾ തടസപ്പെടുത്തുന്നതിനാണ് പ്രതിപക്ഷം പ്രാധാന്യം കൊടുക്കുന്നതെന്ന് തരൂർ ഒരു ദേശീയ പത്രത്തിന് നൽകിയ ലേഖനത്തിൽ പറയുന്നു.
പാർലമെന്‍റിന് അകത്ത് ചർച്ചയിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാതെ സഭാനടപടികൾ തടസപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. യുപിഎ സർക്കാരിന്‍റെ കാലത്ത് ബിജെപി തുടർന്ന് വന്ന രീതിയാണ് ഇന്ത്യൻസഖ്യം പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇത് ശരിയായ നടപടിയല്ല. നഷ്ടം പ്രതിപക്ഷത്തിനാണെന്നും തരൂർ ഓർമ്മിപ്പിച്ചു.
സഭയിൽ നിയമനിർമാണം ഏകപക്ഷിയമായി നടപ്പാക്കുന്നു. നിയമങ്ങൾ കൊണ്ടുവന്ന് പാസാക്കി പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോർഡ് ആയി മാത്രമാണ് സഭയെ ഭരണപക്ഷം കാണുന്നത്. എൻഡിഎ സർക്കാർ ഏകപക്ഷിയമായി നിയമങ്ങൾ പാസാക്കുന്നു. ചർച്ച ഉണ്ടാകുന്നില്ല. ചർച്ചയിലൂടെ ഭരണപക്ഷത്തെ വെല്ലുവിളിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ അവസരം ഇല്ലാതാവുകയാണ്. ഇതിനെല്ലാം കാരണം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷമാണെന്ന് തരൂർ കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിൽ പാർലമെന്‍റിന് പ്രാധാന്യം കുറയുന്നുവെന്ന വിമർശനവും തരൂർ ഉന്നയിച്ചു. ജനാധിപത്യ ഇടപെടലുകൾക്ക് പാർലമെന്‍റിനെ വേദിയാക്കണമെന്നും തരൂർ പറഞ്ഞു.ഭരണ-പ്രതിപക്ഷങ്ങൾ ശത്രുക്കളെ പോലെയാണ് പെരുമാറുന്നത്. ഇത് മാറണം. പാർലമെന്‍റിന്‍റെ അന്തസ് പുനസ്ഥാപിക്കേണ്ട സമയം ഇതാണെന്നും തരൂർ ഓർമ്മിപ്പിച്ചു