ബി.അജിത് കുമാർ (27)
ചെന്നൈ: തമിഴ്നാട്ടിൽ ശിവഗംഗയിൽ യുവാവിന്‍റെ കസ്റ്റഡി മരണത്തിൽ 5 പൊലീസുകാർ അറസ്റ്റിൽ. കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. മദ്രാസ് ഹൈക്കോടതി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണായക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.
ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാർ (27) ആണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് മരിച്ചത്. അജിത്തിന്‍റെ ശരീരത്തിൽ 30 ഇടങ്ങളിലായി ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.
ജൂൺ 27നാണ് കേസിനാസ്‌പദമായ സംഭവം. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയിൽ അജിത്തിനെ അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോൾ കാറിന്‍റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നു എന്നും എന്നാൽ മടങ്ങിയെത്തിയപ്പോൾ കാറിലുണ്ടായിരുന്ന ബാഗിലെ ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു നികിതയുടെ പരാതി. എന്നാൽ മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പോലീസിന് മൊഴി നൽകിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിൽ വച്ച് അജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
അതേസമയം, അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യിച്ചിട്ടില്ലെന്ന് പൊലീസും സമ്മതിച്ചു. കേസ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് പരിഗണിക്കുന്നത്. മോഷണകുറ്റമാണെങ്കിൽ കൂടിയും യുവാവിനെ തീവ്രവാദിയെ പോലെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു എന്ന് സർക്കാരിനോട് വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരിക്കയാണ്.